ക്വാറിയിൽ നിന്നും അമിതഭാരം കയറ്റി വന്ന ടിപ്പർ ലോറി സ്‌കൂൾ മുറ്റത്തേയ്‌ക്ക് മറിഞ്ഞു, അപകടത്തിൽ സ്‌കൂളിന്റെ മതിൽ ഇടിഞ്ഞു, പ്രതിഷേധവുമായി നാട്ടുകാർ

പത്തനംതിട്ട. ക്വാറിയിൽ നിന്നും അമിതഭാരം കയറ്റി വന്ന ടിപ്പർ ലോറി സ്‌കൂൾ മുറ്റത്തേയ്‌ക്ക് മറിഞ്ഞ് അപകടം. കലഞ്ഞൂർ പോത്തുപാറയിലാണ് അപകടം. സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. അപകടത്തിൽ സ്‌കൂളിന്റെ മതിൽ ഇടിഞ്ഞു. ലോറി ഇടിച്ചു തകർന്ന സ്‌കൂളിന്റെ സംരക്ഷണ ഭിത്തി ക്വാറി ഉടമകൾ തന്നെ നിർമിച്ചു നൽകണമെന്ന് ജനങ്ങൾ പറഞ്ഞു. തുടർന്ന് ലോഡുമായി വന്ന ലോറികൾ സ്‌കൂളിന്റെ പിടിഎ ഭാരവാഹികളും നാട്ടുകാരും ചേർന്ന് തടഞ്ഞുവച്ചു.

ഇന്നലെ രാവിലെയാണ് സംഭവം. ക്വാറിയിൽ നിന്ന് ലോഡുമായി തിരിച്ച ടിപ്പർ ശ്രീകൃഷ്ണവിലാസം സ്‌കൂളിന്റെ മുറ്റത്തേക്ക് മറിയുകയായിരുന്നു. കുട്ടികൾ എത്തുന്നതിന് തൊട്ടുമുമ്പായതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ സ്‌കൂളിന്റെ മതിൽ ഇടിഞ്ഞു. തകർന്ന മതിൽ ക്വാറി ഉടമകൾ പണി കഴിപ്പിച്ചു നൽകണമെന്ന പിടിഎ ഭാരവാഹികളുടെ ആവശ്യം അംഗീകരിക്കാഞ്ഞതോടെയാണ് നാട്ടുകാർ വാഹനം തടഞ്ഞത്.

ഗ്രാമപ്രദേശത്തെ ഈ റോഡിലൂടെ യാതൊരുവിധ നിയന്ത്രണവും ഇല്ലാതെയാണ് ലോറികൾ സഞ്ചരിക്കുന്നതെന്ന് സ്‌കൂൾ അദ്ധ്യാപകരും പറയുന്നു. സ്‌കൂളിന്റെ സംരക്ഷണഭിത്തി നിർമ്മിക്കുക, അമിത ഭാരം കയറ്റിപോകുന്ന ലോറികൾക്ക് എതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളിൽ ജില്ലാഭരണകൂടം ഇടപെട്ട് തീരുമാനമെടുത്തില്ലെങ്കിൽ സമരവുമായി മുന്നോട്ട് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.