ടൂറിസ്റ്റ് ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്, അപകടം പാലാ-തൊടുപുഴ റോഡില്‍

കോട്ടയം: പാലാ-തൊടുപുഴ റോഡിൽ ടൂറിസ്റ്റ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്കേറ്റു. ബാംഗ്ലൂരിൽ നിന്ന് തിരുവല്ലയിലേക്ക് വരുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്‌. പരിക്കേറ്റവരില്‍ ഡ്രൈവറടക്കം മൂന്നു പേരുടെ നില ഗുരുതരമാണ്‌. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പോലീസിന്റെയും അഗ്നിരക്ഷാസേനയുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

അതേസമയം, മലപ്പുറത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. മോങ്ങം ഒളമതില്‍ സ്വദേശി അഷ്‌റഫ് (44) ഭാര്യ സാജിത (39),മകള്‍ ഫിദ (14) എന്നിവരാണ് മരിച്ചത്. മേല്‍മുറി മുട്ടിപ്പടിയിലാണ് അപകടമുണ്ടായത്.

ഫിദയെ പ്ലസ് വണ്ണിന് ചേര്‍ക്കാന്‍ മലപ്പുറം ഗേള്‍സ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ബസിന് മുന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.
പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.