എം.ടി പറഞ്ഞത് കാലത്തിന്റെ ചുവരെഴുത്ത്, അധികാരം മനുഷ്യനെ എങ്ങനെ ദുഷിപ്പിക്കുന്നതിനെക്കുറിച്ച്, വി ഡി സതീശൻ

കോഴിക്കോട്∙ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി പറഞ്ഞ വാക്കുകൾ ഒരു കാരണവശാലും ബധിരകർണങ്ങളിൽ‍ പതിക്കരുതെന്നാണ് എന്റെ അഭ്യർഥന. കാരണം, കാലത്തിന്റെ ചുവരെഴുത്താണ് അദ്ദേഹം വായിച്ചത്. ഈ കാലം ആവശ്യപ്പെടുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

‘‘എംടിയുടെ മൂർച്ചയേറിയ വാക്കുകളും അക്ഷരത്തിന്റെ ശക്തിയുമെല്ലാം മലയാളികൾക്ക് തിരിച്ചറിവുള്ളതാണ്. ഈ കാലം ആവശ്യപ്പെടുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞത്. നിഷ്‌പക്ഷത നടിച്ചു നടന്ന് സര്‍ക്കാരിനെ താങ്ങി നിർത്തുന്ന ബുദ്ധിജീവികളും സാംസ്‌കാരിക പ്രവർത്തകരും ചില മാധ്യമപ്രവർത്തകരും അതുപോലെ നിഷ്‌പക്ഷരാണെന്നു കരുതിവന്ന് സമൂഹമാധ്യമങ്ങളിലൂടെ സർക്കാരിനു സ്‌തുതിഗീതം പാടുന്നവരുമൊക്കെ എംടിയുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കണം. ആ വാക്കുകൾ വളരെയേറ പ്രധാനപ്പെട്ടതാണ്. അധികാരം എങ്ങനെ ദുഷിപ്പിക്കുന്നു, മനുഷ്യനെ അധികാരം അഹങ്കാരത്തിലേക്കും ധാർഷ്ട്യത്തിലേക്കും എങ്ങനെ കൊണ്ടുപോകുന്നു, എങ്ങനെ പ്രതിഷേധങ്ങളെ ഭയപ്പെടുന്നു, പ്രതിഷേധിക്കാനുള്ള അവകാശത്തെ ഹനിക്കുന്നു.

അതിനെ അടിച്ചമർത്തുന്നു. ക്രൂരമായ മർദനമുറകൾ സംസ്ഥാനത്തെമ്പാടും അഴിച്ചുവിടുന്നു ഇതൊക്കെ കണ്ട് അദ്ദേഹത്തെപോലൊരാൾ പ്രതികരിച്ചതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ മൂർച്ചയേറിയ വാക്കുകൾ മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്, അല്ലാതെ വഴിതിരിച്ചുവിടരുത്. അത് വഴിതിരിച്ചുവിട്ടാൽ കേരളം വീണ്ടും ആപത്തിലേക്ക് നീങ്ങും. രാജ്യവ്യാപകമായി ഫാഷിസത്തിനെതിരെ നമ്മള്‍ നടത്തുന്നൊരു പോരാട്ടമുണ്ട്.

കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ വലിയ മാറ്റമുണ്ടാക്കട്ടേ. പണ്ഡിറ്റ് നെഹ്‌റുവിനെ താരതമ്യപ്പെടുത്തിയുള്ള രാജ്യത്തെ രാഷ്ട്രീയ സാഹചര്യമല്ല എംടി വിശദീകരിച്ചത്. ഇഎംഎസിനെ താരതമ്യപ്പെടുത്തി വ്യക്തി പൂജയെ കുറിച്ചാണ് പറഞ്ഞത്. അധികാരം എങ്ങനെ ആധിപത്യം സ്ഥാപിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതിനെ കുറിച്ചും അധികാരം എങ്ങനെ ദുഷിപ്പിക്കുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്.