മദ്യവിൽപ്പന ശാലകളുടെ പ്രവർത്തനസമയം വർധിപ്പിച്ചു; ഇന്നു മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും

ഓണക്കാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ ഇന്നു മുതൽ അധിക സമയം തുറന്നു പ്രവർത്തിക്കും. ബാറുകൾ, കൺസ്യൂമർ ഫെഡ്, ബെവ്‌കോ ഔട്ട്‌ലെറ്റുകൾ എന്നിവ രാവിലെ ഒൻപത് മണി മുതൽ രാത്രി എട്ട് മണിവരെയാണ് പ്രവർത്തിക്കുക. മദ്യ വിൽപ്പന ശാലകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നലെയാണ് പുറത്തിറക്കിയത്. ഇന്നലെ വരെ ഏഴ് മണിവരെയായിരുന്നു മദ്യ വിൽപ്പന ശാലകളുടെ പ്രവർത്തന സമയം.

ഓണക്കാലമായതിനാൽ മദ്യം വാങ്ങാൻ എത്തുന്നവരുടെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യമുണ്ടെന്നും ഇത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മദ്യവിൽപ്പന ശാലകളുടെ പ്രവർത്തന സമയം കൂട്ടണമെന്നും ആവശ്യപ്പെട്ട് ബെവ്‌കോ എംഡി കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മദ്യവിൽപ്പന ശാലകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചതിനെതിരെ ആക്ഷേപം ഉയരുന്നുണ്ട്.