യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അപ്പീലില്‍ അന്തിമ വിധി ഇന്ന്

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ അപ്പീലില്‍ ഇന്ന് കോടതി അന്തിമ വിധി പറയും. പാലക്കോട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ പ്രിയ. 2017 ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവം.ഭര്‍ത്താവായ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷ പ്രിയ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. കൊലയ്ക്ക് കൂട്ടുനിന്ന നഴ്‌സ് ഹനാനെ നേരത്തെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു.

യെമന്‍ തലസ്ഥാനമായ സനയിലെ അപ്പീല്‍ കോടിയാണ് ഇന്ന് വിധി പറയുക. വൃദ്ധമാതാവും ആറ് വയസുള്ള കുട്ടിയുമുണ്ടെന്ന് നിമിഷ പ്രിയ കോടതിയെ അറിയിച്ചിട്ടുണ്ട്. സ്ത്രീ എന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്നാണ് നിമിഷ പ്രിയയുടെ ആവശ്യം.

സനായിലെ ജയിലിലാണ് നിമിഷ ഇപ്പോള്‍. വധശിക്ഷ ജീവപര്യന്തമായെങ്കിലും കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് നിമിഷ പ്രിയയുടെ ബന്ധുക്കള്‍. വധശിക്ഷയ്ക്ക് കോടതി വിധിച്ച ശേഷം യമനിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തിലാണ് നിമിഷ അപ്പീല്‍ കോടതിയെ സമീപിച്ചത്. യെമന്‍ പൗരന്‍ തന്നെ ക്രൂരമായി ഉപദ്രവിച്ചെന്നും രക്ഷപെടാന്‍ വേണ്ടി ശ്രമിക്കുന്നതിനിടെ മരിക്കുകയായിരുന്നെന്നുമാണ് നിമിഷ പ്രിയ അപ്പീലില്‍ ഉന്നയിച്ചത്.