ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ സ്റ്റേറ്റ് കേരളം – പിണറായി വിജയൻ

അഴിമതികാര്യത്തിൽ കേരളം നമ്പർ വൺ. ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിപൂർണ്ണമായും ഇല്ലാതാക്കുകയാണ് എല്‍ഡിഎഫ് സർക്കാരിന്റെ ലക്ഷ്യമെന്നും അതിന് വലിയ പങ്കാണ് വിജിലന്‍സ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വിജിലൻസ് ബോധവത്ക്കരണവാരം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുപോലെ ഒരു സംസ്ഥാനം രാജ്യത്ത് ഉണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. അഴിമതിയിൽ ചെറുതോ വലുതോ എന്നില്ല, അഴിമതി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.അഴിമതിക്ക് വിരുത് കാട്ടുന്ന ഒറ്റപ്പെട്ട ഉദ്യോഗസ്ഥരുണ്ടെന്നും അവർക്കെതിരെ നടപടി എടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും കൃത്യമായി നടക്കുന്നതും പ്രധാനമാണ്. വിജിലൻസ് ആ ഭാഗങ്ങളും ശ്രദ്ധിക്കണം. ഉദ്യോഗസ്ഥ സംവിധാനത്തിൽ ഫയലുകൾ വേഗത്തിൽ പൂർത്തിയാക്കണം. അതിൽ കാലതാമസം വരുത്തന്നവരെ കണ്ടെത്തി നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അഴിമതി കാണിക്കുന്നർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. അഴിമതിക്ക് കാരണമായ അവസരങ്ങൾ ഇല്ലാതാക്കണം. ഇതിനായാണ് ഓൺലൈൻ സേവനങ്ങൾ. എന്നാൽ അതിലും ചില പഴുതുകൾ ഉണ്ടായേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.