നിപ്പ: പഴംതീനി വവ്വാലുകളില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്കയക്കും

കോഴിക്കോട്: നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍, പഴംതീനി വവ്വാലുകളില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്കയക്കും. നിപ്പ വൈറസ് ലക്ഷണങ്ങളോടെ നാലു പേര്‍ കൂടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. രോഗികളുമായി ബന്ധമുളള 958 പേര്‍ വീടുകള്‍ നിരീക്ഷണത്തിലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

നിപ്പ വൈറസ് ആദ്യം സ്ഥിരീകരിച്ച വളച്ചുകെട്ടി വീട്ടില്‍ മൂസയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് പിടികൂടിയ ഷഠ്പദഭോജികളായ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് പഴം തിന്നുന്ന വവ്വാലുകളില്‍ നിന്നുളള സാംപിളുകള്‍ പരിശോധനയക്കയക്കുന്നത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമല്‍ ഡിസീസിസിലാണ് പരിശോധന. അതിനിടെ കഴിഞ്ഞ ദിവസം പുറത്തു വന്ന 48 പരിശോധനാ ഫലങ്ങളും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ച നഴ്‌സ് ലിനിയുടെ കുട്ടികള്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ബന്ധപ്പെടാനായി മൂന്ന് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ സന്നദ്ധരായി 40 ഡ്രൈവര്‍മാരടങ്ങുന്ന ടീമിന് രൂപം നല്‍കി. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ആശങ്കയകറ്റാനായി ബോധവല്‍ക്കരണ പരിപാടിയും നടത്തി.