രോഗിയുമായി പോയ ആംബുലന്‍സ് വഴിയില്‍ നിര്‍ത്തിയിട്ടു, വീട്ടമ്മ മരിച്ചു; 108 ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി

സഹോദരന്റെ മരണത്തില്‍ മനംനൊന്തു കുഴഞ്ഞുവീണ വീട്ടമ്മ മരിച്ച സംഭവത്തില്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി.
മുതുകുളം ബിനീഷ് ഭവനത്തില്‍ രാധ (64)യുടെ മരണത്തിലാണു ബന്ധുക്കള്‍ കനകക്കുന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ആംബുലന്‍സിലെ പുരുഷ നഴ്‌സ്, ഡ്രൈവര്‍ എന്നിവരോട് ഇന്നു സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. രാധയുടെ സഹോദരന്‍ മുതുകുളം ആവണിയില്‍ ഗോപി (62) കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണു മരിക്കുന്നത്.

ഇത് അറിഞ്ഞ ഉടനെ രാധ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ കാറില്‍ നങ്ങ്യാര്‍കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റണമെന്ന ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നു ബന്ധുക്കള്‍ 108 ല്‍ വിളിച്ച് ആംബുലന്‍സ് സേവനം തേടുകയായിരുന്നു. നങ്ങ്യാര്‍കുളങ്ങര കവലയിലെത്തിയപ്പോള്‍ രാധ സ്ഥിരമായി ചികിത്സ തേടിയിരുന്ന കണ്ടിയൂരിലെ ആശുപത്രിയിലേക്കു പോകണമെന്നു ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ജീവനക്കാര്‍ ഇതിനു സമ്മതിക്കാതെ ആംബുലന്‍സ് നിര്‍ത്തിയിട്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. തുടര്‍ന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയിലായിരുന്നു 108 ആംബുലന്‍സ് ജീവനക്കാര്‍ രാധയെ എത്തിച്ചത്. 108 ആംബുലന്‍സില്‍ രോഗിയെ സ്വകാര്യ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകാന്‍ കഴിയില്ലെന്നായിരുന്നു ജീവനക്കാരുടെ വാദം. തുടര്‍ന്ന് ഹരിപ്പാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം സ്വകാര്യ ആംബുലന്‍സില്‍ കണ്ടിയൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വീട്ടമ്മയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.