ഹമാസിന്റെ പിടിയിലായിരുന്നവര്‍ക്ക് ഒടുവില്‍ മോചനം, 13 ഇസ്രയേലി പൗരന്മാരെയും 12 തായ് പൗരന്മാരെയും മോചിപ്പിച്ചു

ഗാസ. ഹമാസിന്റെ പിടിയിലായിരുന്നവര്‍ക്ക് 49 ദിവസത്തിന് ശേഷം മോചനം. 13 ഇസ്രയേലി പൗരന്‍മാരെയും 12 തായ്‌ലാന്‍ഡില്‍ നിന്നുള്ളവരെയുമാണ് മോചിപ്പിച്ചത്. തായ് പൗരന്മാരെ മോചിപ്പിച്ച വിവരം തായ്‌ലാന്‍ഡ് പ്രധാനമന്ത്രി അറിയിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിലുണ്ടായ നാല് ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായിട്ടാണ് മോചനം.

തായ്‌ലാന്‍ഡില്‍ നിന്നുള്ളവരെ മോചിപ്പിച്ചത് കരാറിന്റെ ഭാഗമായിട്ടല്ല. റഫാ അതിര്‍ത്തിയില്‍ ബന്ധികളെ റെഡ്‌ക്രോസ് തങ്ങള്‍ക്ക കൈമാറിയതായി ഈജിപ്ത് അറിയിച്ചു. ഇവരെ ഇസ്രയേലി അധികൃതര്‍ ആറിഷ് വിമാനത്താവളത്തില്‍ എത്തിച്ച ശേഷം ഇസ്രയേല്‍ വ്യോമതാവളത്തിലേക്ക് കൊണ്ടുപോകും.

ഇസ്രയേല്‍ സേന ബന്ദികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. സേനയുടെ ഹെലികോപ്റ്റര്‍ ഇവരെ സ്വീകരിക്കാന്‍ ഗാസയ്ക്ക് സമീപത്തെ ഈജിപ്ഷ്യന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ബന്ദികളെ അവരുടെ ബന്ധുക്കള്‍ക്ക് കൈമാറും. ബന്ദികളുടെ ബന്ധുക്കള്‍ പ്രിയപ്പെട്ടവരുടെ മടങ്ങിവരവിനായി ഇസ്രയേലി ആശുപത്രികള്‍ക്ക് മുന്നില്‍ ഒത്തുകൂടുന്നതായിട്ടാണ് വിവരം.