ഫോൺ ഉപയോഗം തടഞ്ഞതിന് പിന്നാലെ കാണാതായി, 13കാരിയുടെ മൃതദേഹം പുഴയിൽ

മാഹി പുഴയിൽ ചാടിയ എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13 കാരി യുടെ മൃതദേഹം കണ്ടെത്തി. കുട്ടി മാഹി പുഴയിൽചാടിയതായി സംശയമുണ്ടായ സാഹചര്യത്തിൽ പുഴയിൽ എട്ട് മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.തമിഴ്നാട് സേലം കള്ളക്കുറിച്ചിയിലെ പാണ്ഡ്യൻ എന്ന മണ്ണാങ്കട്ടിയുടെയുടെയും മുനിയമ്മയുടെയും ഇളയ മകൾപവിത്രയാണ് മരിച്ചത്.ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്.

കല്ലായി അങ്ങാടിയിൽ വൈഷ്ണവ് ഹോട്ടലിൻ്റെ പിറക് വശത്ത് പുഴയിലാണ് കുട്ടി ചാടിയതെന്നു കരുതുന്നത്. ന്യൂമാഹി എം.എം. ഹൈസ്കൂൾ വിദ്യാർഥിനിയാണ്. ഞായറാഴ്ച രാവിലെ കുട്ടി മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ അമ്മ അത് തിരികെ വാങ്ങിയിരുന്നു. ഫോൺ തിരികെ വേണമെന്ന് കുട്ടി വാശി പിടിച്ചിരുന്നു. തുടർന്നാണ് കുട്ടിയെ കാണാതായത്.

പുഴയോരത്ത് നിന്ന് ചെരുപ്പുകൾ കിട്ടിയിട്ടുണ്ട്. പുഴയിൽ ഇറങ്ങിയതിൻ്റെ കാല്പാടുകൾ ചെളിയിൽ പതിഞ്ഞത് കണ്ടതായും നാട്ടുകാർ പറയുന്നു. നാട്ടുകാരും മാഹി അഗ്നി രക്ഷാ സേനയുമാണ് ആദ്യം തിരച്ചിൽ നടത്തിയത്. ന്യൂമാഹി പോലീസും സ്ഥലത്തുണ്ട്. ഉച്ചയോടെ തലശ്ശേരി അഗ്നി രക്ഷാ സേനയും അവരുടെ തിരച്ചിൽ സേനയായ സ്കൂബാ ഡൈവേർസും വൈകുന്നേരം ഇരുട്ടുന്നത് വരെ തിരച്ചിൽ നടത്തി. തിങ്കളാഴ്ച പുലർച്ചെ മുതൽ വീണ്ടും തിരച്ചിൽ തുടരുന്നതിനിടെ മുകുന്ദൻ പാർക്കിന് സമീപത്തെ ബോട്ട് ജെട്ടിക്കരികിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

അഞ്ചാം ക്ലാസ് മുതൽ പവിത്ര എം.എം.ഹൈസ്കൂളിലാണ് പഠിക്കുന്നത്. കൂലിപ്പണിയെടുക്കുന്ന പാണ്ഡ്യൻ്റെ കുടുംബം പത്ത് വർഷത്തിലേറെയായി ന്യൂമാഹി കല്ലായി അങ്ങാടിയിൽ വാടകമുറിയിലാണ് താമസം. സഹോദരങ്ങൾ: ശരവണൻ, കോകില.