സൗഹൃദം നടിച്ച് 14 ലക്ഷംരൂപ തട്ടിയെടുത്തു, അരൂര്‍ എഎസ്‌ഐക്കെതിരെ പരാതി

അരൂർ: സൗഹൃദം നടിച്ച് പൊലീസുകാരന്‍ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. അരൂര്‍ സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ബഷീറിന് എതിരെയാണ് കൊച്ചിയിലെ കുടുംബം പരാതിയുമായെത്തിയത്. കടംകൊടുത്ത 14 ലക്ഷം രൂപ തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി.

അരൂര്‍ സ്റ്റേഷനില്‍ എഎസ്‌ഐ ആയി ജോലി ചെയ്യുമ്പോള്‍ ആണ് വീട്ടിലെ പ്രാരാബ്ദം പറഞ്ഞ് ബഷീര്‍ പരാതിക്കാരുടെ കുടുംബവുമായി ബന്ധമുണ്ടാക്കിയത്. മകന്റെയും ഭാര്യയുടെയും ചികിത്സയ്‌ക്കെന്ന പേരില്‍ ചെറുതും വലുതുമായി പലതവണയാണ് ഈ കുടുംബത്തില്‍ നിന്ന് പണം കൈപ്പറ്റിയത്.

കുടുംബം തകരുന്ന സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞ് പലരില്‍ നിന്നും പരാതിക്കാരെ കൊണ്ട് കടം വാങ്ങിപ്പിച്ചും ബഷീര്‍ പണം വാങ്ങി. പോലീസുകാരനായതിനാല്‍ ശമ്പളത്തില്‍ നിന്ന് പണം തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം. പണം തിരികെ കിട്ടാതായതോടെ ബഷീറിനെ പരാതിക്കാര്‍ സമീപിച്ചു. പറ്റിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞു. 14 ലക്ഷം രൂപയാണ് പോലീസുകാരന്‍ ഒരു വര്‍ഷം കൊണ്ട് തട്ടിയെടുത്തത്.
ബഷീര്‍ സസ്‌പെന്‍ഷനില്‍ ആണെങ്കിലും അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന് പരാതിക്കാര്‍ പറയുന്നു.