മാസങ്ങൾ നീണ്ട പോരാട്ടം വിജയം കണ്ടു; പിതാവിന് കരള്‍ പകുത്തുനല്‍കാന്‍ 17കാരിക്ക് ഹൈക്കോടതി അനുമതി

കൊച്ചി : മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ പിതാവിന് കരള്‍ പകുത്തു നല്‍കാന്‍ 17കാരിക്ക് ഹൈക്കോടതി അനുമതി നൽകി. തൃശൂര്‍ കോലഴി സ്വദേശി പി.ജി.പ്രതീഷിന് കരള്‍ പകുത്ത് നല്‍കാനാണ് പതിനേഴുകാരിയായ മകള്‍ ദേവനന്ദയ്ക്ക് കോടതി അനുമതി നല്‍കിയത്. ദാതാവിനെ കിട്ടാതെ വരികയും, കുടുംബാംഗങ്ങളുടെ കരള്‍ അനുയോജ്യമാകാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് ദേവനന്ദ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.

അവയവം ദാനം ചെയ്യാൻ നിലവിൽ പ്രായപൂർത്തിയായവർക്ക് മാത്രമാണ് അനുമതിയുള്ളത്. ഇതാണ് ദേവനന്ദയിൽ നിന്നും കരൾ സ്വീകരിക്കുന്നതിന് തടസ്സമായത്. ഹർജിയിൽ രോഗിയുടെ ആരോഗ്യനില പരിശോധിക്കാൻ വിദഗ്ധ സമിതിയ്‌ക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്.

പെൺകുട്ടിയുടെ അച്ഛൻ പ്രതീഷിന്റേത് അസാധാരണ സാഹചര്യമാണെന്ന് നിരീക്ഷിച്ചതിനെ തുടർന്നായിരുന്നു തീരുമാനം. ദേവനന്ദയെ അഭിനന്ദിക്കുന്നതായും ഇതുപോലെയുള്ള കുട്ടികളുള്ള മാതാപിതാക്കൾ ഭാഗ്യവാന്മാണെന്നും വിധിന്യായത്തിൽ ജസ്റ്റിസ് വി.ജി.അരുൺ പറഞ്ഞു.