ദമ്പതിമാരെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു, മരുമകള്‍ക്കും സുഹൃത്തിനും ജീവപര്യന്തം

പാലക്കാട് : ദമ്പതിമാരെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ മരുമകള്‍ക്കും സുഹൃത്തിനും ജീവപര്യന്തം തടവുശിക്ഷ. കേസിലെ ഒന്നാംപ്രതി എറണാകുളം വടക്കന്‍പറവൂര്‍ മന്നം ചോപുള്ളിവീട്ടില്‍ ഷഡാനന്ദന്‍ എന്ന വിജയന്‍ (അച്ചായന്‍-58), രണ്ടാംപ്രതിയും ദമ്പതിമാരുടെ മകന്റെ ഭാര്യയുമായ തോലനൂര്‍ പൂളയ്ക്കല്‍പറമ്പ് കുന്നിന്മേല്‍വീട്ടില്‍ ഷീജ (41) എന്നിവരെയാണ് പാലക്കാട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. അനന്തകൃഷ്ണ നാവട ശിക്ഷിച്ചത്.

2017 സെപ്റ്റംബര്‍ 13-നായിരുന്നു സംഭവം. വിമുക്തഭടന്‍ പൂളയ്ക്കല്‍പറമ്പില്‍ സ്വാമിനാഥന്‍ (75), ഭാര്യ പ്രേമകുമാരി എന്നിവരെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വാമിനാഥനും പ്രേമകുമാരിയും ഷീജയെ നിരന്തരമായി വഴക്കു പറയുന്നതിലുള്ള വിരോധവും ഭര്‍ത്തൃവീട്ടില്‍ താമസിക്കുന്നതും ഭര്‍ത്താവിന്റെ മാതാപിതാക്കളെ പരിചരിക്കുന്നതും ഒഴിവാക്കാനുള്ള ആഗ്രഹവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.

ഇതിനുപുറമേ ഷഡാനന്ദനുമായി ഷീജയ്ക്ക് രഹസ്യബന്ധമുണ്ടായിരുന്നതായും പോലീസും പ്രോസിക്യൂഷനും പറയുന്നു. ഈ വിവരം വീട്ടുകാരും അതുവഴി ഭര്‍ത്താവും അറിയുമെന്നും ഭയപ്പെട്ടിരുന്നുവെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ഭാവിയില്‍ വീട്ടില്‍ ഷഡാനന്ദനെ കാര്യസ്ഥനായി നിയമിച്ച് ബന്ധംതുടരാനും ഭര്‍ത്തൃവീട്ടുകാരുടെ സ്വത്തുക്കള്‍ കൈക്കലാക്കാനും വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.