കോഴിക്കോട് ഉഗ്ര സ്ഫോടന ശബ്ദം, പ്രദേശവാസികൾ ആശങ്കയിൽ, ആളുകളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട് ഭാഗത്തുണ്ടായ സ്ഫോടന ശബ്ദമാണ് ജനങ്ങളിൽ ഭീതി പരത്തിയത്. ഇന്നലെ രാത്രി 10.30നാണ് വലിയ ശബ്ദം പ്രദേശവാസികൾ കേട്ടത്.

കല്ലാനോട് പൂവത്തും ചോല മേഖലയിലും ശബ്ദം കേട്ടതായി ജനങ്ങൾ പറഞ്ഞു. പൂത്തോട്ട് താഴെ തോടിനോട് ചേർന്ന മേഖലയിൽ വീടുകളിലെ ആളുകളെ മാറ്റി താമസിപ്പിക്കുകയാണ്. മുൻപ് മലയിടിച്ചിലിൽ ഭൂമിക്കു വിള്ളൽ സംഭവിച്ച മേഖലയാണിത്. ജനപ്രതിനിധികൾ അടക്കം സംഭവസ്ഥലത്തെത്തി പ്രദേശവാസികൾ‌ക്ക് ജാഗ്രത നിർദേശം നൽകി.