സ്മൃതി ഇറാനി ഇന്ന് വയനാട്ടിൽ, കൽപ്പറ്റയിൽ റോഡ്ഷോയിൽ പങ്കെടുക്കും

വയനാട് : ലോക്‌സഭ തിരഞ്ഞെടുപ്പ് വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ് പത്രികാ സമര്‍പ്പണത്തിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇന്ന് വയനാട്ടിലെത്തും. രാവിലെ 11 മണിക്കാണ് പത്രികാ സമര്‍പ്പണം. ഫേസ്ബുക്ക് കുറിപ്പിലൂടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സ്മൃതി ഇറാനി വയനാട്ടിലേയ്ക്ക് വരുന്ന അറിയിച്ചത്.

ഏപ്രില്‍ 4 ന് കാലത്ത് പത്തുമണിക്ക് വയനാട്ടില്‍ നാമനിര്‍ദ്ദേശിക സമര്‍പ്പിക്കുകയാണ്. അമേഠിയില്‍ വികസനവിപ്ലവം എത്തിച്ച പ്രിയനായിക ശ്രീമതി സമൃതി ഇറാനിജിയോടൊപ്പമാണ് പത്രികാസമര്‍പ്പണത്തിന് പോകുന്നത്. എല്ലാവരും കൂടെ വരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു കെ സുരേന്ദ്രന്‍ ഫേസ്ബൂക്കില്‍ കുറിച്ചു. ഒൻപതിന് കൽപ്പറ്റയിൽ നടക്കുന്ന റോഡ്‌ഷോയിലും സ്മൃതി ഇറാനി പങ്കെടുക്കും. പത്രിക നൽകിയതിന് ശേഷം കളക്‌ട്രേറ്റിൽ മാദ്ധ്യമങ്ങളെ കാണും.

കോൺ​ഗ്രസ് കോട്ടയായിരുന്ന അമേഠിയിൽ തീപ്പാറും മത്സരം കാഴ്ചവച്ചാണ് സ്മൃതി രാഹുലിനെ തറപ്പറ്റിച്ചത്. പിന്നാലെ സുരക്ഷിത മണ്ഡലമായാണ് രാഹുലും കോൺ​ഗ്രസും വയനാടിനെ കാണുന്നത്. ഇനിയും സുരക്ഷിതമായി ജയിച്ച് മുഖം രക്ഷിക്കാമെന്ന് കരുതുന്നതിനിടെയിലാണ് സ്മൃതിയുടെ വയനാട് എൻട്രി. അഞ്ച് വർഷം മുൻപ് സംഭവിച്ച സ്മൃതി മാജിക് വയനാട്ടിലും സംഭവിക്കുമോയെന്ന ഭയപ്പാടിലാണ് കോൺ​ഗ്രസ് നേതൃത്വം.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 55,120 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ അമേഠിയിൽ വീഴ്ത്തിയത്. ഇത്തവണയും അമേഠിയിൽ മത്സരിക്കാൻ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് രാഹുലിന്‍റെ വയനാട്ടിലേക്കും സ്മൃതി ഇറാനി വരുന്നത്.