നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കാർഗോയിൽ കടത്തിയ 206 ഗ്രാം സ്വർണം പിടികൂടി

കൊച്ചി. കാര്‍ഗോയില്‍ കടത്തിയ 206 ഗ്രാം സ്വര്‍ണം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടി. അലുമിനിയം ഫോയിലില്‍ പൊടിരൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ സജ്‌ന, സൈന എന്നിവരുടെ പേരിലാണ് പാഴ്‌സല്‍ എത്തിയത്. യുഎഇയില്‍ നിന്നും അബൂബക്കര്‍ എന്ന വ്യക്തിയാണ് പാഴ്‌സല്‍ അയച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് നെടുമ്പാശേരിയില്‍ കാര്‍ഗോയിലൂടെ സ്വര്‍ണം കടത്തുന്നത്.

ചൊവ്വാഴ്ച കാര്‍ഗോയില്‍ കടത്താന്‍ ശ്രമിച്ച 60 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കൂടുതല്‍ സ്വര്‍ണം പിടികൂടിയത്. പിടികൂടിയസ്വര്‍ണത്തിന് 11 ലക്ഷം രൂപ വിലവരുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈന്തപ്പഴത്തിലെ കുരുകളഞ്ഞശേഷം ഒളിപ്പിച്ച നിലയിലായിരുന്നു ഇന്നലെ സ്വര്‍ണം പിടികൂടിയത്.