കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ 23 വീടുകള്‍ ഭാഗികമായി തകര്‍ന്നു, 43 ലക്ഷത്തിന്റെ കൃഷി നാശം

തിരുവനന്തപുരം. ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ 23 വീടുകള്‍ ഭാഗികമായി തകര്‍ന്നു. നെടുമങ്ങാട് താലൂക്കില്‍ മാത്രം 11 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ചിറയിന്‍കീഴ്, കാട്ടാക്കട, വര്‍ക്കല താലൂക്കില്‍ നാല് വീതം വീടുകള്‍ തകര്‍ന്നു. ചിറയിന്‍ കീഴ് താലൂക്കിലെ മാമം അംഗന്‍വാടിയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

പൊന്നാംചുണ്ട് പാലത്തിന് സമീപം വാമനപുരം നദിയില്‍ കാണാതായ വിതുര സ്വദേശി സോമനെ കണ്ടെത്താനുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് മഴക്കെടുതി നേരിടുന്നതിന് അടിയന്തര നടപടികള് സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ 43.57 ലക്ഷത്തിന്റെ കൃഷി നാശമാണ് ഉണ്ടായത്.

133 കര്‍ഷകരുടെതായി 6.89 ഹെക്ടറിലുള്ള വിവിധ കാര്‍ഷിക വിളകള്‍ നശിച്ചു. ഏറ്റവും കൂടുതല്‍ കൃഷി നശിച്ചത് നെയ്യാറ്റിന്‍കര ബ്ലോക്കിലാണ്. ഇവിടെ 1.40 ഹെക്ടറില്‍ 21 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായി. ആര്യന്‍കോട് ആറ് ലക്ഷത്തിന്റെയും കാട്ടാക്കട 62000 രൂപയുടെയും പാറശാലയില്‍ 10 ലക്ഷത്തിന്റെയും നാശമാണ് സംഭവിച്ചത്.