സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു

ഉത്തരകാശി. സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 പേരെയും പുറത്തെത്തിച്ചു. 17 നാള്‍ നീണ്ട് നിന്ന ആശങ്കകള്‍ക്കൊടുവിലാണ് രക്ഷാ ദൗത്യം വിജയത്തിലെത്തിയത്. പുറത്തെത്തിച്ച തൊഴിലാളികളുമായി ഉത്തരഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി കൂടിക്കാഴ്ച നടത്തി. ദൗത്യം വിജയിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച സംഘത്തിലെ വിദഗ്ധന്‍ ക്രിസ് കൂപ്പറും രംഗത്തെത്തി.

തൊഴിലാളികള്‍ പുറത്തെത്തിയതോടെ തുരങ്കത്തിന് പുറത്ത് ആഹ്ലാദാരവങ്ങള്‍ ഉയര്‍ന്നു. സ്‌ട്രെച്ചറുകളുമായ സേനാംഗങ്ങള്‍ തുരങ്കത്തിലേക്ക് കയറിയതിന് പിന്നാലെയാണ് ഓരോരുത്തരായി പുറത്തെത്തിച്ചത്. ഉവരെ കൊണ്ടുപോകാന്‍ ആംബുലന്‍സുകളും തയ്യാറാക്കിയിരുന്നു.

പുറത്തെത്തിക്കുന്ന തൊഴിലാളികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാന്‍ ഡിസ്‌പെന്‍സറി തുരങ്കത്തില്‍ തന്നെ ഒരുക്കിയിരുന്നു. പുരിശോധിച്ചതിന് ശേഷം തൊഴിലാളികളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും. അവസാന ഘട്ടത്തില്‍ തുരങ്ക നിര്‍മാണ കമ്പനിയിലെ തൊഴിലാളികള്‍ തന്നെയാണ് അവശിഷ്ടം നീക്കിയത്.