അൽ-ഖ്വയ്ദയുമായി ബന്ധം, ഗുജറാത്തിൽ 4 ബംഗ്ലാദേശികൾ തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിൽ

ഗാന്ധിനഗർ: അൽ-ഖ്വയ്ദ ബന്ധമുള്ള 4 ബംഗ്ലാദേശി പൗരന്മാർ അഹമ്മദാബാദിൽ നിന്ന് പിടിയിലായി. മുഹമ്മദ് സോജിബ്, മുന്ന ഖാലിദ് അൻസാരി, അസ്ഹറുൽ ഇസ്ലാം അൻസാരി, മൊമിനുൾ അൻസാരി എന്നിവരെയാണ് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) പിടികൂടിയത്. ഐപിസി, യുഎപിഎ വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തു.

അഹമ്മദാബാദിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഈ നാലുപേരെയും അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് അൽ-ഖ്വയ്ദയുമായി ബന്ധമുണ്ടെന്നും, ഈ നാല് പേരെ ബംഗ്ലാദേശ് ആസ്ഥാനമാക്കിയുള്ള അവരുടെ ഹാൻഡ്ലർമാർ പരിശീലിപ്പിച്ച ശേഷം ഇന്ത്യയിലേക്ക് അയച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് മനസിലാകുന്നത്. അൽ-ഖ്വയ്ദയുടെ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിനും യുവാക്കളെ ഭീകരവാദികളാക്കുന്നതിനും അവരുടെ ഭീകരസംഘടനയിൽ ചേരാൻ പ്രേരിപ്പിക്കുന്നതിനുമാണ് പ്രതികളെ നിയോഗിച്ചതെന്ന് ഗുജറാത്ത് എടിഎസ് ഡിഐജി ദീപൻ ഭദ്രൻ പ്രതികരിച്ചു.

ഗുജറാത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള യുവാക്കളെ തീവ്രവാദികളാക്കാൻ പ്രതികൾ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കടക്കാൻ ഇവരെ സഹായിച്ചവർ ആരൊക്കെയാണ്, ഫണ്ട് ശേഖരിക്കുന്ന രീതി, പ്രാദേശിക സമ്പർക്കങ്ങൾ എന്നിവയെക്കുറിച്ചാകും ഐ ടി എസ് അന്വേഷിക്കുക.