വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പക, ഈസ്റ്റ് ദില്ലിയിൽ നാല് പത്താം ക്ലാസുകാര്‍ക്ക് കുത്തേറ്റു

ദില്ലിയില്‍ നാല് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തിയാക്രമണം.ഈസ്റ്റ് ദില്ലിയിലെ മയൂര്‍ വിഹാറിലെ സര്‍വോദയബാല വിദ്യാലയത്തില്‍ പത്താം ക്ലാസ് പരീക്ഷ എഴുതി വീട്ടിലേക്ക് പോകാനൊരുങ്ങിയ വിദ്യാര്‍ത്ഥികളാണ് ആക്രമണത്തിനിരയായത്. മറ്റൊരു സ്‌കൂളിലെ ഒരുസംഘം വിദ്യാര്‍ത്ഥികള്‍ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. മറ്റുകുട്ടികളെ സാക്ഷിയാക്കിയായിരുന്നു ആക്രമണം. സ്വയം രക്ഷക്കായി വിദ്യാര്‍ത്ഥികള്‍ സമീപത്തെ പാര്‍ക്കിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെ കൂടി നാല് പേരെയും കുത്തിവീഴ്ത്തുകയായിരുന്നെന്ന് സമീപത്തുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഗൗതം, റെഹാന്‍, ഫൈസാന്‍, ആയുഷ് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പകയാണ് ആക്രമണത്തിന് കാരണം.

ത്രിലോക്പുരിയിലെ ഗവ. ബോയ്സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഇവര്‍ പരീക്ഷക്കായി സര്‍വോദയ ബാലവിദ്യാലയ കേന്ദ്രത്തില്‍ എത്തിയതായിരുന്നു. മറ്റ് വിദ്യാര്‍ത്ഥികളെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയിലാണ് കുട്ടികളെ എത്തിച്ചത്. കുട്ടികള്‍ക്ക് വലി. അളവില്‍ രക്തം നഷ്ടപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പാര്‍ക്കില്‍ പലയിടത്തും രക്തത്തിന്റെ അംശം പോലീസ് കണ്ടെത്തി. മൂന്ന് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമല്ല. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയെ എയിംസിലേക്ക് മാറ്റി.

സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വഴക്കുണ്ടായതുമായി ബന്ധപ്പെട്ട് പാണ്ഡവ് നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് മൂന്ന് തവണ ഫോണ്‍കോളുകള്‍ ലഭിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണെന്ന് ദില്ലി പൊലീസ് ജില്ലാ പോലീസ് കമ്മീഷണര്‍ (ഡിസിപി) ഈസ്റ്റ് പറഞ്ഞു. അക്രമികളെ കണ്ടെത്താന്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.