മദ്യത്തോടൊപ്പം 2 വയാഗ്ര ഗുളിക കഴിച്ച 41 കാരന്‍ മരണപെട്ടു

ന്യൂഡൽഹി . മദ്യത്തോടൊപ്പം വയാഗ്ര ഗുളിക കൂടി കഴിച്ച 41 കാരന്‍ മരണപ്പെട്ടതായ പഠന റിപ്പോർട്ട്. ഒരു കൂട്ടം ഇന്ത്യന്‍ ഗവേഷകര്‍ പ്രസിദ്ധീകരിച്ച കേസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഉദ്ധാരണക്കുറവ് ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന വയാഗ്രയുടെ രണ്ട് ഗുളികകൾ ഒരാൾ മദ്യത്തോടൊപ്പം കഴിക്കുകയായിരുന്നു. ഒരു ദിവസത്തിന് ശേഷം ഇദ്ദേഹത്തിന് തലച്ചോറിനുള്ളില്‍ കടുത്ത രക്തസ്രാവം ഉണ്ടായെന്നും തുടര്‍ന്ന് അദ്ദേഹം മരണപ്പെട്ടുമാണ് ഗവേഷകര്‍ പറഞ്ഞിരിക്കുന്നത്.

ന്യൂ ഡല്‍ഹിയി ഓള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ആറംഗ ഗവേഷകർ ജേണല്‍ ഓഫ് ഫോറന്‍സിക് ആന്‍ഡ് ലീഗല്‍ മെഡിസിനില്‍ സമര്‍പ്പിച്ച കേസ് റിപ്പോര്‍ട്ടില്‍ ആണ് ഈ വെളിപ്പെടുത്തൽ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഗവേഷകര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ സമര്‍പ്പിക്കുന്നത്. ഈ ആഴ്ച ആദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കിയ അവരുടെ കേസ് റിപ്പോര്‍ട്ട് നിലവില്‍ പ്രീ-പ്രൂഫ് ഘട്ടത്തിലാണ്. അതായത് അത് പ്രസിദ്ധീകരണത്തിനായി സ്വീകരിച്ചെങ്കിലും ജേണലില്‍ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ചില മാറ്റങ്ങള്‍ വരുത്തിയേക്കാമെന്ന് വിവരം.

ഒരു സ്ത്രീ സുഹൃത്തിനൊപ്പം ഹോട്ടലില്‍ ഉണ്ടായിരുന്നപ്പോളാണ് 41 കാരൻ വയാഗ്ര ബ്രാന്‍ഡില്‍ വില്‍ക്കുന്ന 50 മില്ലിഗ്രാം സില്‍ഡെനാഫിലില്‍ ഗുളികകള്‍ കഴിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം, 41 കാരന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളോ ശസ്ത്രക്രിയയോ മറ്റോ ചെയ്തിട്ടില്ല. വയാഗ്ര ഗുളികകള്‍ക്കൊപ്പം മദ്യവും അദ്ദേഹം കുടിക്കുകയാ യിരുന്നു. അടുത്തദിവസം യുവാവിന് ശാരീരിക അസ്വസ്ഥതയുണ്ടായി. ആശുപത്രിയിലെത്തിക്കുമ്പോൾ അദ്ദേഹം മരണപ്പെട്ടു. പിന്നീട് നടത്തിയ വൈദ്യപരിശോധനയില്‍ തലച്ചോറിലെ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തുന്നത്. പോസ്റ്റ്മോര്‍ട്ടത്തില്‍ തലച്ചോറില്‍ 300 ഗ്രാം രക്തം കട്ടപിടിച്ചതായും ഹൃദയ ഭിത്തികള്‍ക്ക് കട്ടി കൂടിയതായും കരളിനും വൃക്കകള്‍ക്കും തകരാറുകള്‍ സംഭവിച്ചതായും കണ്ടെത്തുകയാണ് ഉണ്ടായത്.

മദ്യവും സില്‍ഡെനാഫിലിന്റെയും സംയോജിത ഉപയോഗം മസ്തിഷ്‌കത്തിലേക്കുള്ള രക്തപ്രവാഹത്തിലെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള മാരകമായ അവസ്ഥകളിലേക്ക് നയിക്കാം എന്നാണ് ഗവേഷകര്‍ അവരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഡോക്ടറുടെ നിര്‍ദേശമില്ലാതെ വയാഗ്ര ഉപയോഗിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ പറഞ്ഞിട്ടുണ്ട്.