ജനുവരിയിൽ 50 ദിവസത്തെ പരോൾ; വീണ്ടും 21 ദിവസത്തെ പരോളിന് അപേക്ഷിച്ച് വിവാദ ആൾദൈവം ഗുർമീത് റാം റഹീം

ന്യൂഡൽഹി: ബലാത്സംഗക്കേസിലെ പ്രതിയും വിവാദ ആൾദൈവവുമായ ഗുർമീത് റാം റഹീം വീണ്ടും പരോൾ ആവശ്യപ്പെട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ജനുവരിയിൽ 50 ദിവസത്തെ പരോൾ അനുവദിച്ചതിന് ശേഷമാണ് പിന്നെയും ഇയാൾ പുതിയ പരോളിന്‌ അഭ്യർത്ഥന നടത്തിയത്. ദേര സച്ചാ സൗദയുടെ ആതിഥേയത്വത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ പരോൾ വേണമെന്ന് റാം റഹീം പുതിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്

പത്ത് മാസത്തിനിടെ ഏഴുതവണയും റാം റഹിമിന് പരോൾ അനുവദിച്ചിരുന്നു. ഇയാളുടെ ഹർജി അംഗീകരിച്ച ഹൈക്കോടതി ഹരിയാന സർക്കാരിനും സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിക്കും (എസ്ജിപിസി) നോട്ടീസ് അയച്ചിട്ടുണ്ട്. ജൂലൈ രണ്ടിനകം മറുപടി നൽകണമെന്നും നോട്ടീസിൽ പറയുന്നു. 20 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ട കുറ്റവാളിക്ക് തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെക്കുറിച്ച് നേരത്തെ ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു. കഴിഞ്ഞ ജനുവരി 29 നായിരുന്നു ഹൈക്കോടതി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നത്. ഇനി വീണ്ടും പരോളിനായി അപേക്ഷിക്കുമ്പോൾ ഹരിയാന സർക്കാറിന്റെ അനുമതി വാങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

1948ൽ മസ്താ ബാലോചിസ്താനി ആരംഭിച്ച ആത്മീയ സംഘടന ദേര സച്ചാ സൗദായുടെ തലവനാണ് ഗുർമീത് റാം റഹിം സിങ്. ബലാത്സംഗത്തിലൂടെ സ്ത്രീകൾ ശുദ്ധീകരിക്കപ്പെടുന്നു എന്ന് അവകാശപ്പെട്ട ഗുർമീത് തൻറെ അനുയായികളായ സ്ത്രീകളെ പലതരം ലൈംഗിക വൈകൃതങ്ങൾക്ക് വിധേയരാക്കിയിരുന്നു. ഒടുവിൽ 2017ലാണ് ബലാത്സംഗ കേസിലും രണ്ട് കൊലപാതക കേസുകളിലുമായി കോടതി ആദ്യം ശിക്ഷ വിധിച്ചത്.