കേരള തമിഴ്നാട് അതിർത്തിയിൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 506 ഗ്രാം സ്വർണ ബിസ്ക്കറ്റ് പിടികൂടി, പ്രതി അറസ്റ്റിൽ

കുമളി. കേരള തമിഴ്നാട് അതിർത്തിയിൽ വാഹന പരിശോധന നടത്തുന്നതിനിടെ മതിയായ രേഖകളില്ലാതെ കൊണ്ടു വന്ന 506 ഗ്രാം തൂക്കം വരുന്ന സ്വർണ ബിസ്ക്കറ്റ് തമിഴ്നാട് പൊലീസ് പിടികൂടി. സ്വർണവുമായി വന്ന മധുര സ്വദേശി ഗണേശനെ കസ്റ്റഡിയിലെടുത്തു. കേരളത്തിൽ നിന്നും ചെക്ക് പോസ്റ്റ് കടന്ന് ഗണേശനെത്തിയത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ദേഹ പരിശോധന നടത്തിയപ്പോഴാണ് ശരീരത്ത് കെട്ടി വച്ച നിലയിൽ സ്വർണം കണ്ടെത്തിയത്.

ചോദ്യം ചെയ്യലിൽ കോട്ടയത്തു നിന്നും മധുരയിലേക്ക് കൊണ്ടു പോകുകയാണെന്ന് ഇയാൾ പ്രതികരിച്ചത്. രേഖകളൊന്നു മില്ലാത്തതിനാൽ സ്വർണവും ഗണേശനെയും ആദായ നികുതി വകുപ്പിന് കൈമാറി. സംഭവം സംബന്ധിച്ച് ആദായ നികുതി അന്വേഷണം തുടങ്ങിയിട്ടുണ്ട്. 27 ലക്ഷത്തോളം വില വരുന്ന സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയിട്ടുള്ളത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട നടന്നിരുന്നു.

4 കിലോ സ്വർണവുമായി കോഴിക്കോട് മടവൂർ സ്വദേശി മുഹമ്മദ് ഫാറൂഖാണ് എയർ ഇൻറ്റലിജൻസിന്റെ പിടിയിലായിരുന്നു. 2.5 കോടി രൂപ വില മതിക്കുന്ന സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്. സ്വർണ ബിസ്കറ്റുകളും മാലയും കാപ്സ്യൂളുകളും പിടിച്ചെടുത്തിരുന്നു.

അബുദാബിയിൽ നിന്നെത്തിയ ഇയാളുടെ അടി വസ്ത്രത്തിൽ നിന്ന് സ്വർണ മാലയും കണ്ടെടുത്തു. 70,000 രൂപയും വിമാന ടിക്കറ്റുമാണ് ഇയാൾക്ക് കള്ളക്കടത്ത് സംഘം വാഗ്ദാനം ചെയ്തിരുന്നത്. അതേസമയം ജിദ്ദയിൽ നിന്നെത്തിയ മറ്റൊരു വിമാനത്തിൻ്റെ സീറ്റിന് അടിയിൽ നിന്നും സ്വർണ ബിസ്ക്കറ്റുകളും കണ്ടെടുത്തു. 2.5 കോടി രൂപ വില മതിക്കുന്നതാണ് പിടിച്ചെടുത്ത സ്വർണം.