ആയിരം രൂപയ്ക്ക് 68 സെന്റ് സ്ഥലം, ഓഫറുമായി ദമ്പതികള്‍

പുതുക്കാട്: ആയിരം രൂപയ്ക്ക് 68 സെന്റ് സ്ഥലം എന്ന ഓഫര്‍ മുന്നോട്ട് വെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ദമ്പതികള്‍. ഇത് സര്‍ക്കാരിന്റെ ഭാഗ്യക്കുറിയോ ഇഷ്ട ദാനമോ ഒന്നുമല്ല. ആയിരം രൂപയ്ക്ക് സമ്മാന കൂപ്പണ്‍ എടുത്ത് അതടിച്ചാല്‍ 68 സെന്റ് സ്ഥലം നല്‍കാന്‍ ദമ്പതികള്‍ തയ്യാറാണ്. കല്ലൂര്‍ നായരങ്ങാടി തുണിയബമ്പ്രാലില്‍ മുജി തോമസും ഭാര്യ ബൈസിയുമാണ് ഈ വേറിട്ട ഭാഗ്യ പരീക്ഷണം എല്ലാവര്‍ക്കുമായി മുന്നോട്ട് വെച്ചിരിക്കുന്നത്.

മുജി തോമസും ബൈസിയും തങ്ങളുടെ സ്വന്തം ഭൂമിയാണ് കൂപ്പണ്‍ നില്‍പ്പനയില്‍ നല്‍കുന്നത്. ഇതിന്റെ പരസ്യ ബോര്‍ഡ് സ്ഥലത്ത് ഇവര്‍ സ്ഥാപിച്ചിട്ടുമുണ്ട്. 1000 രൂപ മുടക്കി കൂപ്പണ്‍ എടുക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നയാള്‍ക്ക് ഭൂമി സൗജന്യമായി നല്‍കുമെന്നാണ് ദമ്പതികള്‍ മുന്നോട്ട് വയ്ക്കുന്ന വാഗ്ദാനം.

കടബാധ്യതയും മകന്റെ പഠനാവശ്യങ്ങളും മുന്‍നിര്‍ത്തി ഭൂമി വില്‍ക്കാന്‍ ഇവര്‍ ശ്രമിച്ചു. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ശ്രമം എല്ലാം വിഫലമായി. ന്യായമായ വിലയ്ക്ക് ഭൂമി വാങ്ങാന്‍ ആരും മുന്നോട്ട് എത്തിയില്ല. ഇതോടെയാണ് ദമ്പതികള്‍ ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങിയത്. പ്രളയവും കൊറോണയും വന്നതോടെ ഭൂമിക്കച്ചവട മേഖല തളര്‍ന്നതോടെ ന്യായമായ വിലയില്‍ സ്ഥലം വില്‍ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.

സ്ഥലം വാങ്ങാന്‍ ചിലര്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്ത് എത്തിയെങ്കിലും ന്യായമായ വില ആരും പറഞ്ഞില്ല. ഇതോടെയാണ് കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ഭൂമി കൈമാറിയാല്‍ എന്താണ് കുഴപ്പമെന്ന ചിന്ത ദമ്പതികളിലേക്ക് എത്തിയത്. തുടര്‍ന്ന് അഭിഭാഷകനെ കണ്ട് തങ്ങളുടെ ആശയം അറിയിച്ചു. ടിക്കറ്റ് തുകയുടെ സമ്മാന നികുതി അടക്കം നിയമപ്രശ്‌നങ്ങള്‍ വക്കീല്‍ ശ്രദ്ധയില്‍ പെടുത്തുകയും പിന്നീട് വില്ലേജ് ഓഫീസ് അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.

ഓഗസ്റ്റ് 15ന് നായരങ്ങാടിയില്‍ ഇവരുടെ ഉടമസ്ഥതയിലുള്ള മരിയ ഗാര്‍മെന്റ്സില്‍ നറുക്കെടുപ്പു നടത്താനാണു തീരുമാനം. നറുക്കെടുപ്പില്‍ ഭൂമി ലഭിക്കുന്നയാള്‍ രജിസ്ട്രേഷന്‍ ചെലവുകള്‍ വഹിക്കേണ്ടി വരും. എന്തെങ്കിലും പ്രശ്നമോ സാങ്കേതിക തടസ്സങ്ങളോ നറുക്കെടുപ്പ് മുടങ്ങിയാലോ കൂപ്പണിന്റെ പണം തിരിച്ചു നല്‍കുമെന്ന് ദമ്പതിമാര്‍ ഉറപ്പ് പറയുന്നു.