വെർച്വൽ ക്യൂ വഴി ഇന്ന് ശബരിമലയിൽ എത്തുന്നത് 90,000 പേർ; നിലയ്ക്കലിൽ ഗതാഗതക്കുരുക്ക് തുടരുന്നു

പമ്പ: വെർച്വൽ ക്യൂ വഴി ശബരിമലയിൽ ഇന്ന് 90,000 അയ്യപ്പഭക്തർ എത്തും. കൂടുതൽ ഭക്തരെ പതിനെട്ടാം പടിയിൽ കടത്തിവിട്ടു തുടങ്ങിയതോടെ ശബരിമലയിലെ തിരക്കിനു നേരിയ കുറവുണ്ട്. മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള പാതയിൽ ക്യൂ ഉണ്ടെങ്കിലും മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥ നിലവിൽ ഇല്ലെന്നത് ആശ്വാസമാണ്. എന്നാൽ പമ്പയിൽ ഇപ്പോഴും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയം നിലയ്ക്കലിൽ ഇപ്പോഴും ഗതാഗത കുരുക്ക് തുടരുകയാണ്.

ദർശനം കഴിഞ്ഞ് മടങ്ങുന്നവരുടെ വാഹനങ്ങളാണ് കുരുക്കിൽ അകപ്പെടുന്നത്. ഇത് ദർശനത്തിന് പോകുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതേസമയം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉന്നതതല യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ജില്ലാ കലക്ടർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.

വെർച്വൽ ക്യൂ മുഖേനയുള്ള പ്രതിദിന ബുക്കിങ് 90,000 ഉം ദർശനം 19 മണിക്കൂറും ആക്കിയതുമടക്കമുള്ള കാര്യങ്ങളാണ് കളക്ടർ കോടതിയെ അറിയിച്ചത്. ഭക്തരുടെ ഒഴുക്ക് ക്രമാതീതമായാൽ എരുമേലി, പത്തനംതിട്ട,കോട്ടയം തുടങ്ങിയ സമീപജില്ലകളിലെ കളക്ടർമാരുടെ അറിവോടെ തീർത്ഥാടകരുടെ വാഹനങ്ങൾ നിയന്ത്രിക്കണമെന്നടക്കമുള്ള നിർദ്ദേശങ്ങളാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്.