തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തിന് തുടക്കം, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം നിർവഹിച്ചു

വർക്കല. വർക്കലയിൽ 90-ാമത് ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി. രാവിലെ നടന്ന സമ്മേളനം കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അധ്യക്ഷൻ സ്വാമി സച്ചിദാനന്ദ വഹിച്ചു. വർക്കല ശിവഗിരിയുടെ വികസനത്തിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന 70 കോടിയുടെ പദ്ധതി എത്രയും വേഗം പൂർത്തിയാക്കുമെന്ന് രാജ്നാഥ് സിംഗ് ചടങ്ങിൽ പ്രഖ്യാപിച്ചു. നിര്യാതയായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിന് പ്രതിരോധ മന്ത്രി ശിവഗിരിയിലെ ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ചു. പ്രധാനമന്ത്രിയുടെ അനുവാദം വാങ്ങിയാണ് ഇവിടേക്ക് വന്നതെന്നും രാജ്നാഥ് സിംഗ് പറയുകയുണ്ടായി.

ഭാരതീയ തത്വചിന്തയാണ് ഗുരുദർശനങ്ങൾക്ക് ആധാരമെന്നും, ഗുരു സന്ദേശം ​ലോകത്തിന് മുഴുവൻ മാതൃകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. എല്ലാവരും ഒന്നാണെന്ന സന്ദേശമാണ് ഗുരു പകർന്നു നൽകിയത്. ഭാരതീയ തത്വചിന്തയാണ് ഗുരുദർശനങ്ങൾക്ക് ആധാരം. ശിവഗിരിയിൽ വീണ്ടും എത്താൻ കഴിഞ്ഞത് സൗഭാഗ്യം എന്ന് പറഞ്ഞ രാജ്നാഥ് സിംഗ്, കേരളത്തിലെ പരിപാവനമായ ഭൂമിയാണ് ശിവഗിരി എന്നും, ഭക്തിയും,തത്വചിന്തയും, സാഹിത്യവുമെല്ലാം സമ്മേളിക്കുന്ന സ്ഥലമാണ് ശിവഗിരിയെന്നും പറയുകയുണ്ടായി.

ഏകത ഭാവം ശിവഗിരിയിൽ കാണാം. അത് ലോകത്തിനുള്ള സന്ദേശമാണ്. മനുഷ്യരെല്ലാവരും തുല്യരാണെന്ന അടിസ്ഥാന തത്വം ആണത്. ലോകം മുഴുവൻ ഒരു കുടുംബമാണെന്ന സന്ദേശം മുന്നോട്ടുവച്ചത് ഭാരതമാണ്. എല്ലാവരും തുല്യരാണ് എന്ന സങ്കല്പം നമുക്കുണ്ടായിരുന്നു. ഗുരുദേവൻ സാംസ്‌കാരിക ഏകത്വം രാജ്യത്ത് നടപ്പിലാക്കി. ഭാരതത്തിലെ ജനങ്ങളെ സ്വാധീനിച്ചു. അദ്ദേഹത്താൽ സ്വാധീനിക്കപ്പെട്ട വലിയൊരു സമൂഹം രാജ്യത്തിനു പുറത്തുമുണ്ട് – രാജ്നാഥ് സിങ് പറഞ്ഞു.

സമൂഹമാറ്റത്തിന് വേണ്ടി പ്രവർത്തിച്ച ഗുരു, മനുഷ്യനും ദൈവവും ഒന്നാണെന്ന സങ്കൽപം ലളിതമായ ഭാഷയിൽ ജനങ്ങളെ മനസ്സിലാക്കി കൊടുത്തു. താനും മോദിയും ആർഎസ്എസുകാരാണ്. അവിടെ ശ്രീനാരായണ ഗുരു നാമം ജപിക്കാറുണ്ട്. ശിവഗിരിയുടെ തുടർ വികസനവുമായി ബന്ധപ്പെട്ട് മഠം ആവശ്യപ്പെട്ട കാര്യങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും. അവശ്യങ്ങൾ നടപ്പാക്കാൻ ഊർജിതമായ ശ്രമം നടത്തും – രാജ്നാഥ് സിങ് പറഞ്ഞു.

ശിവഗിരി തീർത്ഥാടനത്തിൻ്റെ നവതിയും ശിവഗിരിയിലെ ബ്രഹ്മവിദ്യാലയത്തിൻ്റെ കനകജൂബിലിയും വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിൻ്റെ ശിവഗിരി സന്ദർശനത്തിൻ്റെ ശതാബ്ദിയും ഒരുമിച്ചെത്തി എന്ന പ്രത്യേകത കൂടി ഇക്കുറിയുണ്ട്. വൈകിട്ടോടെ വിവിധ ജില്ലകളിൽ നിന്നുള്ള പദയാത്രകൾ ശിവഗിരിയിൽ എത്തിച്ചേരുന്നതാണ്. കൊവിഡ് കാരണമുള്ള മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവഗിരി തീർത്ഥാടനം വീണ്ടും പൂർവ്വപ്രതാപത്തോടെ നടത്തപ്പെടുന്നത്.