ന്യൂഡല്‍ഹി: ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്വെയര് പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം നടത്താന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ ഉണ്ടാകുമെന്നും സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണമെന്നും ചീഫ് ജസ്റ്റീസ് എന്‍.വി. രമണ വ്യക്തമാക്കി.
സങ്കേതിക സമിതിയിലേക്ക് വിദഗ്ധരെ നിയമിക്കാന്‍ സുപ്രീംകോടതി തന്നെ ശ്രമിക്കുകയാണ്. പല വിദഗ്ധരെയും സമീപിച്ചെങ്കിലും ഇവരുടെ അസൗകര്യം മൂലമാണ് സമിതി രൂപീകരിക്കാന്‍ വൈകുന്നത്. ഉടന്‍ തന്നെ സമിതി രൂപീകരിച്ച് വിധി പറയുമെന്നും ചീഫ് ജസ്റ്റീസ് അറിയിച്ചു. മറ്റൊരു ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റീസ് ഇക്കാര്യം വ്യക്തമാക്കിയത്.
പെഗാസസ് ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നു വ്യക്തമാക്കാന്‍ കോടതി സര്‍ക്കാരിനു വേണ്ടത്ര അവസരം തന്നിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്കാന് വിസമ്മതിക്കുകയാണ്. അതിനാല്‍, അതില്ലാതെതന്നെ ഇടക്കാല ഉത്തരവിറക്കുമെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ പെഗാസസുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം പൊതുസമൂഹത്തിനൊട്ടാകെ ലഭ്യമാക്കും വിധം സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കഴിയില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചിരുന്നു.
എന്നാല്‍, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഒരു കാര്യവും വെളിപ്പെടുത്തേണ്ടതില്ലെന്നും പരാതിക്കാര്‍ ആരോപിക്കുന്നതുപോലെ ചാര സോഫ്റ്റ്വെയറിന്റെ നിയമവിരുദ്ധമായ ഉപയോഗത്തിലൂടെ സാധാരണ പൗരന്റെ അവകാശം ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നു മാത്രം വ്യക്തമാക്കിയാല്‍ മതിയെന്നും കോടതി പറഞ്ഞു.
പെഗാസസ് സംബന്ധിച്ച വിഷയങ്ങള്‍ പരിശോധിക്കാന്‍ ഒരു വിദഗ്ധസമിതിയെ നിയോഗിക്കാമെന്നും സമിതിയുടെ റിപ്പോര്‍ട്ട് കോടതിക്കു നല്‍കാമെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഒരു സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തുന്നതല്ല കാര്യമെന്നും ഒരു സത്യവാങ്മൂലം നല്കിയാല് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാകുമെന്നും കോടതി മറുപടി നല്‍കിയിരുന്നു.