മൈസൂരു: പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ പതിനേഴുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കര്‍ണാടകയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മൈസൂരുവിലെ പെരിയപട്ടണയില്‍ രണ്ടാം വര്‍ഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി ശാലിനിയാണ് കൊല്ലപ്പെട്ടത്. ശാലിനിയുടെ പിതാവ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ വൊക്കലിഗ വിഭാഗത്തില്‍പെട്ടതാണ് പെണ്‍കുട്ടിയുടെ കുടുംബം. സമീപത്തുള്ള മെല്ലഹള്ളി ഗ്രാമത്തിലെ മഞ്ജുനാഥ് എന്ന ദലിത് യുവാനവനുമായി ശാലിനി മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിര്‍ത്ത വീട്ടുകാര്‍ മഞ്ജുനാഥിന്റെ പേരില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ശാലിനി പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയും താന്‍ മഞ്ജുനാഥുമായി പ്രണയത്തിലാണെന്നും വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്നും പറഞ്ഞതിനാല്‍ പോലീസ് ശാലിനിയെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാക്കി. പിന്നീട് ശാലിനി തന്നെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ എത്തി വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു. ചൊവ്വാഴ്ച ഇക്കാര്യത്തില്‍ വീണ്ടും തര്‍ക്കമുണ്ടായപ്പോള്‍ താന്‍ മഞ്ജുനാഥിനെ മാത്രമേ വിവാഹം കഴിക്കൂ എന്നു ശാലിനി പറഞ്ഞു. ഇതില്‍ പ്രകോപിതനായി പിതാവ് സുരേഷ് പെണ്‍കുട്ടിയുടെ കഴുത്തുഞെരിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട ശാലിനിയെ ഉണര്‍ത്താന്‍ അമ്മ ബേബി ശ്രമിച്ചങ്കിലും മരണം സംഭവിച്ചിരുന്നു. പുലര്‍ച്ചെ രണ്ടരയ്ക്കും മൂന്നിനും ഇടയ്ക്കായിരുന്നു കൊലപാതകം നടന്നത്.
ശാലിനി മരിച്ചുവെന്ന് വ്യക്തമായതോടെ സുരേഷും ബേബിയും മൃതദേഹം ഇരുചക്രവാഹനത്തില്‍ അടുത്ത ഗ്രാമമായ മെല്ലഹള്ളിയിലെത്തിച്ച് ഉപേക്ഷിച്ചു. പിന്നീട് രാവിലെ പൊലീസ് സ്റ്റേഷനിലെത്തിയ സുരേഷ് കുറ്റമേറ്റുപറഞ്ഞ് കീഴടങ്ങുകയായിരുന്നു. താന്‍ കൊല്ലപ്പെട്ടാല്‍ അതിന് ഉത്തരവാദി മഞ്ജുനാഥ് ആയിരിക്കില്ലെന്നും പിതാവ് തന്നെ നിരന്തരം അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്യുന്നെന്നും അദ്ദേഹത്തിന് മകളെക്കാള്‍ വലുത് ജാതിയാണെന്നും ചൂണ്ടിക്കാട്ടി ശാലിനി പൊലീസിന് കത്തു നല്‍കിയിരുന്നു. താന്‍ കൊല്ലപ്പെട്ടാല്‍ മാതാപിതാക്കളായിരിക്കും ഉത്തരവാദികളെന്ന് ശാലിനി മഞ്ജുനാഥിനയച്ച ശബ്ദസന്ദേശവും പൊലീസിനു ലഭിച്ചിട്ടുണ്ട്.