ബാഗിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ട, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരനെ പിടികൂടി. മഹാരാഷ്ട്ര സ്വദേശി യാഷറൻ സിങാണ് പിടിയിലായത്. ഇൻഡിഗോ വിമാനത്തിൽ പൂനെയ്ക്ക് പോകാനെത്തിയതായിരുന്നു ഇയാൾ. ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് ഇയാളുടെ പക്കൽനിന്ന് വെടിയുണ്ട കണ്ടെത്തിയത്. പൊലീസിന് കൈമാറിയ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട. വസ്ത്രത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയ 4 സ്ത്രീകളടക്കം 6 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 4.82 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടി. എയര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് 3.48 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്.

ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം കൂരാട് സ്വദേശിയും കോഴിക്കോട് ചോമ്പാല സ്വദേശിയുമാണ് ആദ്യം പിടിയിലായത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 1.19 കിലോ ഗ്രാം സ്വര്‍ണ്ണം ഇവരില്‍ നിന്നും കണ്ടെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ കൂടുതൽ കടത്തുകൾ കണ്ടെത്തുകയായിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്നും പൊലീസ് സ്വര്‍ണ്ണം പിടികൂടുന്ന കേസുകള്‍ കൂടിയതിനു പിന്നാലെയാണ് കസ്റ്റംസ് നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്.