മംഗളൂരു സെൻട്രൽ മെയിലിന്റെ കോച്ചിൽ വിള്ളൽ

കണ്ണൂർ : മംഗളൂരു സെൻട്രൽ മെയിലിന്റെ കോച്ചിൽ വിള്ളൽ കണ്ടെത്തി. ഇന്നുരാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് വിള്ളൽ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെ ചെന്നൈയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ രാവിലെ ഒൻപത് മണിയോടെയാണ് കണ്ണൂരെത്തിയത്. ട്രെയിനിന്റെ സ്ളീപ്പർ കോച്ചിലായിരുന്നു വിള്ളൽ കണ്ടെത്തിയത്.

ഇരുപതോളം യാത്രക്കാരാണ് ബോഗിയിലുണ്ടായിരുന്നത്. പിന്നാലെ ബോഗി അഴിച്ചുമാറ്റിയതിനുശേഷം ട്രെയിൻ സർവീസ് തുടർന്നു. അതിനിടെ, ട്രെയിനിൽ യുവതിക്കുനേരെ ആക്രമം നടന്നതായി പരാതി. ട്രെയിനിൽവച്ച് കൊല്ലം സ്വദേശിനിയെ വയോധികൻ ആക്രമിച്ചതായാണ് പരാതി.

വില്ലുപുരത്തുനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന യുവതിക്ക് നേരെയാണ് തമിഴ്‌നാട് സ്വദേശിയുടെ അതിക്രമമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ട്രെയിൻ വിരുദാചലം സ്‌റ്റേഷനിലെത്തുന്നതിന് മുമ്പായിരുന്നു സംഭവമുണ്ടായത്. മൊബൈൽ ഫോൺ കുത്തിയിടുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടയിൽ വയോധികൻ യുവതിയുടെ കൈയിൽ കയറിപ്പിടിച്ച് അടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.