അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ കാണിച്ചെന്നും, തൊഴിൽസ്ഥലത്തെ സാമ്പത്തിക ബാധ്യത വിഷ്ണുവിന്റെ മേൽ കെട്ടിവച്ചെന്നും കുടുംബം ആരോപിച്ചു.

നാളെ ഉച്ചയ്‌ക്ക് മുമ്പ് മോചന​ദ്രവ്യമായി രണ്ടര ലക്ഷത്തോളം രൂപ നൽകിയില്ലെങ്കിൽ യുവാവിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി കുടുംബം പറഞ്ഞു. ഒന്നര ലക്ഷം രൂപ നൽകിയെന്നും ബാക്കി തുക നാളെ നൽകണമെന്ന് അവർ ഭീഷണിപ്പെടുത്തിയെന്നും വിഷ്ണുവിന്റെ അമ്മ പറഞ്ഞു. പത്ത് ലക്ഷം രൂപയാണ് മോച​നദ്രവ്യം ആവശ്യപ്പെടുന്നത്.

മകനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്‌ക്കും നോർക്കയ്‌ക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം ഇടപെട്ട് സഹായിക്കണമെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്ദുൽ ഖാദർ പറഞ്ഞു.

സുഹൃത്തുക്കൾക്കൊപ്പം ഹോസ്റ്റൽ നടത്തുന്ന ജോലിക്കാണ് വിഷ്ണു അർമേനിയയിൽ എത്തിയത്. എട്ടര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വിഷ്ണു അർമേനിയയിലേക്ക് പോയത്. എന്നാൽ സുഹൃത്തുക്കൾ സ്ഥലത്ത് നിന്നും പോയതോടെ വിഷ്ണുവാണ് ഹോസ്റ്റൽ നടത്തിയിരുന്നത്. താമസക്കാരുടെ എണ്ണം കുറഞ്ഞതോടെ വരുമാനവും കുറഞ്ഞു. തുടർന്ന് ഹോസ്റ്റൽ ഉടമസ്ഥൻ വിഷ്ണുവിനെ ബന്ദിയാക്കുകയായിരുന്നു. ഹോസ്റ്റൽ നടത്തിപ്പിലുണ്ടായ നഷ്ടം ചോദിച്ച് വിഷ്ണുവിന്റെ സുഹൃത്തുക്കളും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കുടുംബം ആരോപിച്ചു.