ഡല്‍ഹിയിലെ ലീല പഞ്ചനക്ഷത്ര ഹോട്ടലില്‍ 23 ലക്ഷം രൂപയുടെ ബില്‍ നല്‍കാതെ മുങ്ങിയയാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി. അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനാണെന്ന് പറഞ്ഞ് ഡല്‍ഹിയിലെ ലീല പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് 23.46 ലക്ഷം രൂപയുടെ ബില്‍ അടയ്ക്കാതെ മുങ്ങിയ ആളെ പോലീസ് പിടികൂടി. കര്‍ണാടകയിലെ ദക്ഷിണ കന്നഡ സ്വദേശിയായ മഹമ്മദ് ഷെരീഫ് (41) ആണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വ്യാജ ബിസിനസ് കാര്‍ഡ് ഹാജരാക്കിയാണ് മഹമ്മദ് ഷെരീഫ് ലീല പാലസ് ഹോട്ടലില്‍ മുറിയെടുക്കുന്നത്.

മൂന്ന് മാസം മഹമ്മദ് ഷെരീഫ് ലീല ഹോട്ടലിൽ താമസിച്ചു. വിലപിടിപ്പുള്ള സാധനങ്ങളുമായാണ് ഇയാള്‍ പിന്നീട് മുങ്ങുന്നത്. ഹോട്ടല്‍ മാനേജര്‍ അനുപം ദാസ് ഗുപ്ത പരാതി നല്‍കിയതിനെ തുടര്‍ന്ന് ജനുവരി 14ന് സരോജിനി നഗര്‍ പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. 2022 ഓഗസ്റ്റ് 1 മുതല്‍ നവംബര്‍ 20 വരെയാണ് ഷെരീഫ് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചത്. താന്‍ യുഎഇയിലാണ് ജോലി ചെയ്യുന്നതെന്നും അബുദാബി രാജകുടുംബാംഗമായ ഷെയ്ഖ് ഫലാഹ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഓഫിസിലാണ് ജോലി എന്നും ഷെരീഫ് ഹോട്ടല്‍ അധികൃതരോട് പറഞ്ഞിരുന്നു.

ബിസിനസ് കാര്‍ഡും യുഎഇയില്‍ സ്ഥിരതാമസമാക്കിയതിന്റെ കാര്‍ഡും മറ്റു രേഖകളും അയാള്‍ ഹാജരാക്കിയിരുന്നു. നവംബര്‍ 20ന് 20 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയെങ്കിലും അക്കൗണ്ടില്‍ മതിയായ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങി. അന്വേഷണത്തില്‍ ഷെരീഫ് ഹോട്ടലില്‍ നല്‍കിയത് വ്യാജ രേഖകളാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.