പട്ടിണി കിടക്കുന്നവന് ക്രിക്കറ്റ് ആസ്വദിക്കുക പ്രയാസം – എം വി ഗോവിന്ദന്‍, കായികമന്ത്രിയെ തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

കണ്ണൂര്‍. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന് പറഞ്ഞ സംസ്ഥാന കായികമന്ത്രി വി അബ്ദുറഹ്മാനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത്. ‘പട്ടിണി കിടക്കുമ്പോള്‍ ഇതൊക്കെ ആസ്വദിക്കുക എന്നത് പ്രയാസമായിരിക്കും’. ഇതാണ് മന്ത്രി ഉദ്ദേശിച്ചത് എന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞിരിക്കുന്നത്. പട്ടിണി കിടക്കുന്നവന് ക്രിക്കറ്റ് ആസ്വദിക്കുക എന്നത് പ്രയാസമുള്ള കാര്യമാണെന്ന സി പി എം നിലപാട് ആണ് പതിറ്റാണ്ടുകൾ ഇടത് പാർട്ടികൾ ഭരിച്ച കേരളത്തിന്റെ ദയനീയ സ്ഥിതി വിളിച്ചറിയിച്ചു കൊണ്ട് സംസ്ഥാന സെക്രട്ടറി ഊന്നി പറഞ്ഞിരിക്കുന്നത്.

പട്ടിണിക്കാരെല്ലാം കൂടി ചേര്‍ന്നിട്ടാണല്ലോ കളി കണ്ടു കൊണ്ടിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ കളി കണ്ടത് ഫുട്‌ബോളാണ്. കഴിഞ്ഞ ലോകകപ്പാണ് ലോകം കണ്ട ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തമുള്ള മത്സരവീക്ഷണം. പട്ടിണി കിടക്കുന്നവനും പട്ടിണി കിടക്കാത്തവനുമെല്ലാം ഹാപ്പിനെസ്സിന്റെ ഭാഗമായിട്ടാണ് ഇതെല്ലാം കാണുന്നത് എന്നും ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരം കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കിന് ഏര്‍പ്പെടുത്തിയ കൂടിയ വിനോദ നികുതിയുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടിയായി പറഞ്ഞ കായികമന്ത്രിയുടെ പരാമര്‍ശം ആണ് വിവാദങ്ങൾക്ക് കാരണമാകുന്നത്.

വിനോദനികുതി കൂട്ടിയതിനെ സ്‌പോര്‍ട്‌സ് മന്ത്രി വി അബ്ദുറഹ്മാന്‍ ന്യായീകരിക്കുകയായിരുന്നു. ഇത്തരം കളികള്‍ക്ക് എന്തിന് നികുതി കുറച്ചു കൊടുക്കണം എന്നു ചോദിക്കുകയും ഉണ്ടായി. അതിന്റെ ആവശ്യകതയെന്ത്? അമിതമായ വിലക്കയറ്റം നാട്ടിലുണ്ട്. അതുകൊണ്ട് നിരക്ക് കുറച്ചു കൊടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകണ്ട എന്നും മന്ത്രിപറയുകയുണ്ടായി. ഇപ്പോഴിതാ, പട്ടിണി കിടക്കുന്നവന് ക്രിക്കറ്റ് ആസ്വദിക്കുക എന്നത് പ്രയാസമുള്ള കാര്യമാണെന്ന്‌ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞിരിക്കുന്നു.