തൊണ്ടയിൽ കല്ല്, എറണാകുളത്ത് സ്വയം കഴുത്തറുത്ത് യുവാവ്, ദാരുണ മരണം

എറണാകുളം : തൊണ്ടയിൽ കല്ല് ഇരിക്കുന്നുവെന്ന് പറഞ്ഞ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. പറവൂർ വടക്കേക്കര സ്വദേശി അഭിലാഷ് (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് വീട്ടിലെ അടുക്കളയിൽ വച്ചായിരുന്നു സംഭവം. മൂർച്ചയേറിയ അരിവാൾ കൊണ്ട് ഇയാൾ സ്വയം കഴുത്തറുക്കുകയായിരുന്നു എന്നാണ് വിവരം.

മകൻ അരിവാൾ എടുക്കുന്നത് കണ്ട് വത്സല പുറത്തേക്ക് ഇറങ്ങുന്ന സമയത്തായിരുന്നു സംഭവം. തൊണ്ടയിൽ കല്ല് ഇരിക്കുന്നെന്ന് പറഞ്ഞാണ് അഭിലാഷ് കഴുത്തറുത്തത്. പിതാവ് തെങ്ങുകയറ്റ തൊഴിലാളിയാണ്. പിതാവ് ഉപയോ​ഗിക്കുന്ന അരിവാളാണ് അഭിലാഷ് കൃത്യം നടത്താൻ ഉപയോഗിച്ചത് എന്നാണ് വിവരം.

പിന്നാലെ ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു. മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അവിവാഹിതനായ അഭിലാഷ് മാതാപിതാക്കൾക്കൊപ്പമാണ് താമസം. സ്ഥിരം മദ്യപാനിയാണെന്നാണ് വിവരം.