സിദ്ദുവിന്റേത് കൊലപാതകം; സുരക്ഷ പിന്‍വലിച്ചത് സര്‍ക്കാര്‍ പരസ്യമാക്കി; ആം ആദ്മി സര്‍ക്കാര്‍ പ്രതിരോധത്തില്‍

ന്യൂഡല്‍ഹി : പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന് പിന്നാലെ എ.എ.പി സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. സിദ്ദുവിന്റെ കൊലപതാകം സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് കൊലപാതകമാണെന്ന് അകാലിദള്‍ നേതാവ് ദല്‍ജിത് സിംഗ് ചീമ ആരോപിച്ചു. ആദ്യം 400 പേരുടെ സുരക്ഷ പിന്‍വലിച്ചു. എന്നിട്ട് അവരുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രസിദ്ധീകരിച്ചു. ഇത് കുറ്റകരമായ അശ്രദ്ധയാണെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. .

കെജ‌്‌രിവാളിന്റെയും മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെയും വൃത്തികെട്ട രാഷ്‌ട്രീയമാണ് സിദ്ദുവിന്റെ കൊലപാതകത്തിന് കാരണമായതെന്ന് ബി.ജെ.പി നേതാവ് മന്‍ജിന്തര്‍ സിംഗ് സിര്‍സ ആരോപിച്ചു. പ്രമുഖരുടെ സുരക്ഷ പിന്‍വലിക്കുന്നതും വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും അപകടകരമാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. സിദ്ദുവിന്റെ കൊലപാതകം ഞെട്ടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിരുന്നു.

അതേസമയം സംഭവത്തില്‍ പ‌ഞ്ചാബ് മുഖ്യമന്ത്രിയുമായി സംസാരിച്ചതായി എ.എ.പി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിനമ്ദ് കെജ്‌രിവാള്‍ പറഞ്ഞു. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പ്രതികരിച്ചു.

സിദ്ദു മൂസെവാലെ ഉള്‍പ്പെടെ 424 പ്രമുഖരുടെ സുരക്ഷ കഴിഞ്ഞ ദിവസമാണ് പ‌ഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതിന് പിന്നാലെയായിരുന്നു സിദ്ദുവിനെ വെടിവച്ച്‌ കൊലപ്പെടുത്തിയത്.