എഎപി പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിച്ചു; ഗുജറാത്തികള്‍ പകരം ചോദിക്കുമെന്ന് സ്മൃതി ഇറാനി

ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ അപമാനിച്ച എഎപിക്കും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി സ്മൃതി ഇറാനി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എഎപി ചീഞ്ഞ രാഷ്ട്രീയം കളിക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ 100 വയസ് പ്രായമുള്ള അമ്മയെ അപമാനിച്ചതിലൂടെ എഎപി ഗുജറാത്തിനെയും ഗുജറാത്തികളെയും അപമാനിച്ചിരിക്കുകയാണെന്ന് സ്മൃതി ഇറാനി വ്യക്തമാക്കി.

ഇതിന് തിരഞ്ഞെടുപ്പിലൂടെ ഗുജറാത്തികള്‍ എഎപിക്ക് മറുപടി നല്‍കും. അരവിന്ദ് കെജ്രിവാളിന്റെ അറിവോട് കൂടിയാണ് ഗുജറാത്തിലെ എഎപി പാര്‍ട്ടി നേതാക്കള്‍ പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിച്ചതെന്നും സ്മൃതി ഇറാനി പറയുന്നു. നരേന്ദ്ര മോദി എന്ന ദേശസ്‌നേഹിക്ക് ജന്മം നല്‍കിയെന്നതാണ് എതിരാളികള്‍ കാണുന്ന തെറ്റെന്നും. അതിന്റെ പേരിലാണ് അമ്മയെ ഇങ്ങനെ പഴി കേള്‍പ്പിക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഒരു അമ്മയെ അപമാനിക്കുകയാണ്. എഎപി ഗുജറാത്ത് അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയ ചെയ്തിരിക്കുന്നതെന്ന് സമൃതി ഇറാനി മുമ്പ് ആരോപിച്ചിരുന്നു.