2022 നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപിയ്‌ക്ക് അധികാര തുടർച്ച

അടുത്ത വർഷം നിയമസഭാ തിരെഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രേദേശ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് സർവ്വേ ഫലം. സമാജ് വാദി പാർട്ടിയെയും ബിഎസ്പിയെയും കോൺഗ്രസിനേയും പിന്തള്ളിക്കൊണ്ട് ബിജെപി ഭരണം നിലനിർത്തുമെന്നാണ് എബിപി സിവോട്ടർ നടത്തിയ സർവ്വേ ഫലത്തിൽ പറയുന്നത്. 2022 നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സർവ്വേ ഫലങ്ങൾ പുറത്തുവന്നിരിക്കുന്നത്.

70 അംഗ നിയമസഭയാണ് ഉത്തരാഖണ്ഡിലേത്. ഇവിടെ കോൺഗ്രസിന് 34 ശതമാനവും ബിജെപിയ്‌ക്ക് 45 ശതമാനവും വോട്ട് വിഹതമാണ് പ്രവചിക്കുന്നത്. മൂന്നാം സ്ഥാനത്ത് എത്തുന്ന ആം ആദ്മി പാർട്ടിയ്‌ക്ക് 15 ശതമാനം വോട്ട് മാത്രമെ ലഭിക്കൂവെന്നും സർവ്വേ ഫലത്തിൽ പറയുന്നു. ബിജെപി 42 മുതൽ 46 വരെ സീറ്റുകൾ വരെ നേടും. മറ്റുള്ളവർക്ക് രണ്ട് സീറ്റുകൾ വരെയും അഭിപ്രായ സർവ്വേ പ്രവചിക്കുന്നുണ്ട്.

40 അംഗ നിയമസഭയാണ് ഗോവയിലേത്. ഇവിടെയും ബിജെപി ഒരിക്കൽക്കൂടി അധികാരത്തിലെത്തുമെന്നാണ് അഭിപ്രായ സർവ്വേയിൽ പറയുന്നത്. 24 മുതൽ 28 സീറ്റുകളാണ് ബിജെപിയ്‌ക്ക് ലഭിക്കുകയെന്നാണ് പ്രവചനം. കോൺഗ്രസിന് ഒന്ന് മുതൽ അഞ്ച് സീറ്റുകളും എഎപിയ്‌ക്ക് മൂന്ന് മുതൽ ഏഴ് സീറ്റ് വരേയും പ്രവചിക്കുന്നുണ്ട്. മറ്റുള്ളവർക്ക് നാല് മുതൽ എട്ട് സീറ്റുകളും സർവ്വേയിൽ പറയുന്നുണ്ട്. 30 ശതമാനമാണ് ഇവിടെ ബിജെപിയുടെ വോട്ട് വിഹിതം.

60 അംഗ നിയമസഭയാണ് മണിപ്പൂരിലേത്. ഇവിടേയും നേട്ടം ബിജെപിയ്‌ക്ക് തന്നെയാണെന്നാണ് സർവ്വേ വിലയിരുത്തുന്നത്. 21 മുതൽ 25 സീറ്റുകൾ വരെ ബിജെപി നേടുമെന്നാണ് സർവ്വേ പറയുന്നത്. കോൺഗ്രസിന് 18 മുതൽ 22 സീറ്റുകളും പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം എൻപിഎഫ് നാല് മുതൽ എട്ട് വരെയും മറ്റുള്ളവർക്ക് ഒന്ന് മുതൽ അഞ്ച് വരെ സീറ്റുകളും പ്രവചിക്കുന്നുണ്ട്. 36 ശതമാനമാണ് ഇവിടുത്തെ ബിജെപിയുടെ വോട്ട് വിഹിതം.

ഉത്തർപ്രദേശിൽ മൃഗീയ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് സർവ്വേ ഫലം പറയുന്നത്. സർവ്വേ പ്രകാരം ബിജെപി 41.3 ശതമാനം വോട്ട് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 403 സീറ്റുകളിൽ ബിജെപിക്ക് 241-249 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് നിരീക്ഷണം. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിയുടെ വോട്ട് വിഹിതം 23.6 ശതമാനത്തിൽ നിന്ന് 32.4 ശതമാനമായി ഉയരുമെന്നും സർവ്വേ ഫലങ്ങൾ പറയുന്നു.