കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു

പാലക്കാട്: കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ഇരുചക്രവാഹനത്തിലെ യാത്രക്കാരനായ അഗളി ജെല്ലിപ്പാറ തെങ്ങുംതോട്ടത്തില്‍ സാമുവലിന്റ മകന്‍ മാത്യു (60) ആണ് മരിച്ചത്.

ഇദ്ദേഹത്തി​ന്റെ ഒപ്പമുണ്ടായിരുന്ന മകളെ സാരമായ പരിക്കുകളോടെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ മച്ചാംതോടിനു സമീപം ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു അപകടം.

അതേ സമയം, തിരൂരിൽ കാർ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ 2 കുട്ടികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല.

തിരൂര്‍ ഭാഗത്ത് നിന്ന് താനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. മഹീന്ദ്ര ഥാര്‍ കാറാണ് അപകടത്തിൽ പെട്ടത്. തുണിക്കടയുടെ മുൻവശത്തെ ചില്ല് തകര്‍ത്ത് കടയ്ക്ക് അകത്തേക്ക് കയറിയാണ് കാര്‍ നിന്നത്. കടയ്ക്കും വാഹനത്തിനും കേടുപാടുണ്ടായി. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടി.