സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടം, തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി

കൊച്ചി : സംരക്ഷണഭിത്തി ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്‌ക്ക് കൊച്ചി കാക്കനാടാണ് സംഭവം ഉണ്ടായത്. നിർമാണത്തിനിടെയാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞ് തൊഴിലാളിയുടെ ശരീരത്തിലേക്ക് വീണത്.

തൊഴിലാളിയുടെ അരയ്‌ക്ക് താഴേക്കുള്ള ഭാഗം മുഴുവൻ മണ്ണിനടിയിൽപ്പെട്ട നിലയിലായിരുന്നു. ആദ്യം നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ഫയർഫോഴ്‌സെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മണ്ണ് മാറ്റി തൊഴിലാളിയെ രക്ഷപ്പെടുത്തിയത്.

ഇയാളെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അദ്ദേഹത്തിന് സാരമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം.