വിവാഹം കഴിഞ്ഞ് മടക്കം, കാറില്‍ ബാക്കിയായത് മൂന്ന് വയസുകാരന്‍ മാത്രം, ദുരന്തത്തില്‍ വിറങ്ങലിച്ച് നാട്

കല്‍പ്പറ്റ: വയനാട് കാക്കവയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവന്‍ പൊലിഞ്ഞതിന്റെ ഞെട്ടലിലും ആഘാദത്തിലുമാണ് നാട്. തമിഴ്‌നാട് പാട്ടവയല്‍ സ്വദേശികളായ പുത്തന്‍പുരയില്‍ പ്രവീഷ്(39), ഭാര്യ ശ്രീജിഷ(34), അമ്മ പ്രേമലത(60) എന്നിവരാണ് മരിച്ചത്. കാര്‍ മില്‍മയുടെ ടാങ്കര്‍ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന പ്രവീഷ്-ശ്രീജിഷ ദമ്പതികളുടെ മകന്‍ മൂന്നര വയസുകാരന്‍ ആരവിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചക്ക് പതിനൊന്നരയോടെയാണ് നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്. കോഴിക്കോട് ഒരു വിവാഹത്തില്‍ പങ്കെടുത്ത് തിരികെ പ്രവീഷും കുടുംബവും വന്ന കാര്‍ ദേശീയപാതയില്‍ കാക്കവയല്‍ നഴ്‌സറി സ്റ്റോപ്പിന് സമീപം വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സുല്‍ത്താന്‍ബത്തേരി ഭാഗത്ത് നിന്നും കല്‍പ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കല്‍ ലോറിയിലാണ് കല്‍പ്പറ്റ ഭാഗത്ത് നിന്നും വരികയായിരുന്ന മാരുതി ആള്‍ട്ടോ കാര്‍ ഇടിച്ചത്.

അമിത വേഗതയിലായിരുന്നു കാര്‍ എന്ന് പ്രദേശവാസികള്‍ പറയുന്നു. മരിച്ച ശ്രീജിഷയുടെ മൃതദേഹം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും പ്രവീഷിന്റെയും, പ്രേമലതയുടെയും മൃതദേഹം കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. ദേശീയപാതയില്‍ കൊളഗപ്പാറ മുതല്‍ മുട്ടില്‍ വരെയുള്ള ഭാഗങ്ങളില്‍ അപകടങ്ങള്‍ തുടര്‍കഥയാവുകയാണെന്നും വേഗത നിയന്ത്രിക്കാനും അപകടങ്ങള്‍ കുറക്കാനുമാവശ്യമായ അടിയന്തര ഇടപെടല്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.