കോടതി ഉത്തരവിന് പുല്ലുവില നല്കി സിപിഐ , വാടക നൽകാത്തതിനാൽ കോടതി പൂട്ടിച്ച പാർട്ടി ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തുകയറി പ്രവർത്തകർ

പത്തനംതിട്ട. വാടക നല്കാത്തതിനാൽ ഉടമ നല്കിയ പരാതിയിൽ കോടതി ഒഴിപ്പിച്ച പാർട്ടി ഓഫീസിൽ പൂട്ട് തകർത്ത് പാർട്ടി പ്രവർത്തകർ അകത്തു കയറി. പത്തനംതിട്ട എഴുമറ്റൂരിൽ 2021 മുതൽ നടക്കുന്ന കേസിലായിരുന്നു കെട്ടിട ഉടമയായ പ്രദീപിന് അനുകൂലമായി വിധി വന്നത്. എന്നാൽ വിധി നടപ്പിലാക്കി പിറ്റേ ദിവസം തന്നെ സിപിഐ പ്രവർത്തകർ കോടതി ഉത്തരവ് പ്രകാരമുള്ള പൂട്ട് തകർത്ത്, മറ്റൊരു പൂട്ടിടുകയും ഓഫീസ് തുറന്നു പ്രവർത്തിപ്പിക്കുകയും ചെയ്തു.

സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസാണ് തിരുവല്ല മുൻസിഫ് കോടതി ഇടപെട്ട് ഒഴിപ്പിച്ചത്. വാടക നൽകാത്തതിനെ തുടർന്നാണ് ഉടമ കോടതിയെ സമീപിച്ചിരുന്നു. 2021 നൽകിയ കേസിലാണ് ഇപ്പോൾ ഉടമയ്ക്ക് അനുകൂലമായി വിധി വന്നത്. ഇത് പ്രകാരം ഇന്നലെയാണ് ഒഴിപ്പിച്ച് കോടതി ഉത്തരവ് പതിച്ച് ഓഫീസ് താഴിട്ട് പൂട്ടിയത്.

കോടതി നടപടികൾ ഒന്നും തങ്ങൾ അറിഞ്ഞിട്ടില്ലെന്ന് സിപിഐ വിശദീകരണം. നോട്ടീസ് നൽകിയിരുന്നില്ലെന്നും, കേസിനെ കുറിച്ചോ മറ്റോ ഒന്നും അറിയില്ലെന്നുമാണ് സിപിഐ വിശദീകരിക്കുന്നത്. എന്നാൽ നോട്ടീസ് അടക്കം പതിച്ച ഓഫീസാണ് സിപിഐ പ്രവർത്തകർ തുറന്നതെന്ന് ഉടമയും പറയുന്നു. അതേസമയം സഭവത്തിൽ സിപിഐ ലോക്കൽ സെക്രട്ടറി അടക്കമുള്ളവർക്കെതിരെ കേസെടുത്ത് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന പൊലീസ് അറിയിച്ചിട്ടുണ്ട്.