നടന്‍ ജയസൂര്യ ചിലവന്നൂരിൽ കായൽ കൈയേറിപെട്ടു

കൊച്ചി: കായല്‍ കൈയേറി ചുറ്റുമതിലും ബോട്ട് ജെട്ടിയും സ്ഥാപിച്ച് കായൽ ഇടം സ്വന്തമാക്കാൻ പോയ നടന്‍ ജയസൂര്യ പെട്ടു. എറണാകുളം കൊച്ചുകടവന്ത്രയിൽ ചിലവന്നൂർ കായൽ കൈയേറിയ സംഭവത്തിൽ നടൻ ജയസൂര്യയടക്കം നാലു പ്രതികളും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഹാജരാകണം എന്നാണ് കോടതിയുടെ ഉത്തരവ്‌. ആറ് വര്‍ഷം മുമ്പ് ചിലവന്നൂര്‍ കായല്‍ കൈയേറി നിര്‍മ്മാണം നടത്തി എന്നാണ് കേസ്. തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ച് കായലിന് സമീപം ജയസൂര്യ അനധികൃതമായി ബോട്ടു ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചെന്നും അതിന് കോര്‍പറേഷന്‍ അധികൃതര്‍ ഒത്താശ ചെയ്‌തെന്നുമായിരുന്നു പരാതി.

ജയസൂര്യയും, കൊച്ചി കോര്‍പറേഷന്‍ ഉദ്യോഗസ്ഥരായിരുന്നവരും ഉള്‍പ്പെടെ 4 പേര്‍ക്കെതിരെയാണു കുറ്റപത്രം. 2013ല്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അനധികൃത നിര്‍മാണം 14 ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് കാണിച്ച് 2014ല്‍ ജയസൂര്യക്ക് കൊച്ചി കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നതാണ്. ഇപ്പോൾ കേസിൽ ഡിസംബർ 29നു മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതിയില്‍ ഹാജരാകാണം എന്ന് കാട്ടിയാണ് ജയസൂര്യയ്ക്കും കൂട്ടാളികൾക്കും കോടതി സമന്‍സ് അയച്ചിരിക്കുന്നത്. തീരദേശ പരിപാലന ചട്ടം ലംഘിച്ച കേസിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്.

നടനെതിരെ അന്വേഷണ സംഘം ഈ മാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജയസൂര്യയ്ക്ക് അനുകൂലമായ കാര്യങ്ങള്‍ ചെയ്തു കൊടുത്തതാണ് മറ്റു പ്രതികള്‍ക്കെതിരായ കുറ്റം. ചിലവന്നൂര്‍ കായൽ കൈയ്യേറി നിര്‍മാണം നടത്തിയെന്നാണ് കേസ്. ജയസൂര്യയെ കൂടാതെ ഒന്നും രണ്ടും പ്രതികളായ കൊച്ചി കോര്‍പറേഷന്‍ വൈറ്റില സോണല്‍ ഓഫീസിലെ മുന്‍ ബില്‍ഡിങ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.പി. രാമചന്ദ്രന്‍ നായര്‍, ഇതേ ഓഫീസിലെ മുന്‍ അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ പി.ജി. ഗിരിജ ദേവി, നാലാം പ്രതി കടവന്ത്ര ഡിസൈന്‍ ഹൈലൈറ്റ്‌സിലെ ആര്‍ക്കിടെക്‌ചര്‍ എന്‍.എം. ജോര്‍ജ്‌ എന്നിവര്‍ക്കാണ്‌ നോട്ടീസ്‌ നൽകിയിട്ടുള്ളത്.

നവംബര്‍ 13ന്‌ കേസ്‌ അന്വേഷണം നടത്തിയ വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോ എറണാകുളം യൂണിറ്റ്‌ ഇന്‍സ്‌പെക്‌ടര്‍ വി. വിമല്‍ മൂവാറ്റുപുഴ കോടതിയില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാരായ കെ.പി. രാമചന്ദ്രന്‍ നായരും പി.ജി. ഗിരിജ ദേവിയും ക്രിമിനല്‍ ഗൂഢാലോചന നടത്തി ജയസൂര്യക്ക്‌ അനുകൂലമായി കെട്ടിട നിര്‍മാണ പെര്‍മിറ്റ്‌ അനുവദിക്കുകയും മറ്റ്‌ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്‌തുവെന്ന്‌ കുറ്റപത്രത്തിലുണ്ട്‌. തെറ്റായ പ്ലാന്‍ തയാറാക്കിയതിനാണ്‌ ആര്‍ക്കിടെക്‌ചറെ പ്രതി ചേര്‍ത്തിരിക്കുന്നത്‌. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും മുനിസിപ്പല്‍ നിയമവും തീരദേശ പരിപാലന നിയമവും ലംഘിച്ച്‌ ജയസൂര്യ കായല്‍ പുറംമ്പോക്ക്‌ കൈയേറി ചുറ്റുമതിലും ബോട്ടുജെട്ടിയും നിര്‍മ്മിച്ചതായി കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.

കളമശേരി സ്വദേശി ഗിരീഷ്‌ ബാബു 2016 ഫെബ്രുവരി 27ന്‌ ഭൂമി കൈയേറ്റം അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തൃശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ ഹര്‍ജി സമര്‍പിച്ചിരുന്നു. പിന്നീട്‌ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി രൂപീകരിച്ചതോടെ കേസ്‌ ഇവിടേക്ക് മാറ്റി. പ്രാഥമിക വാദം കേട്ട കോടതി വിശദ അന്വേഷണം നടത്താന്‍ വിജിലന്‍സ്‌ സംഘത്തിന്‌ നിര്‍ദേശം നല്‍കി. എന്നാല്‍, അന്വേഷണം ആരംഭിച്ച വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അന്തിമ കുറ്റപത്രം സമര്‍പിക്കാത്ത വിജിലന്‍സ്‌ ഉദ്യോഗസ്‌ഥരുടെ നടപടിക്കെതിരേ ഇക്കഴിഞ്ഞ ഓഗസ്‌റ്റ്‌ 16 ന്‌ ഗിരീഷ്‌ ബാബു വീണ്ടും കോടതിയെ സമീപിച്ചു. ഇതിനു പിന്നാലെയാണ്‌ അന്വേഷണസംഘം അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്‌.

15 പേജുകളുള്ള കുറ്റപത്രത്തില്‍ 22 രേഖകളും 27 സാക്ഷികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കോടതി നിര്‍ദേശത്തെത്തുടര്‍ന്ന്‌ നേരത്തെ കണയന്നൂര്‍ താലൂക്ക്‌ സര്‍വേയര്‍ നടത്തിയ പരിശോധനയില്‍ 3.7 സെന്റ്‌ സ്‌ഥലം കായല്‍ നികത്തി കൈയേറിയതായി കണ്ടെത്തിയിരുന്നു. ലക്ഷങ്ങള്‍ വില മതിക്കുന്നതാണ്‌ ഈ ഭൂമി.അതേസമയം കായല്‍ കൈയേറ്റത്തിന് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കോര്‍പറേഷന്‍ ബില്‍ഡിംഗ് ഇന്‍സ്പക്ടറായിരുന്ന ആര്‍ രാമചന്ദ്രന്‍ നായര്‍, അസിസ്റ്റന്‍റ് എഞ്ചിനീയറായിരുന്ന ഗിരിജാ ദേവി, ബോട്ടുജെട്ടിയും ചുറ്റുമതിലും രൂപകല്‍പന ചെയ്ത എന്‍എം ജോസഫ് എന്നിവരെ പ്രതിചേര്‍ത്ത് ഇവര്‍ക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്. 2016 ഫെബ്രുവരിയിലാണ് കളമശ്ശേരി സ്വദേശി ജി ഗിരീഷ്ബാബു നൽകിയ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിടുന്നത്. 2011ലെ സിആർഇസഡ് വിജ്ഞാപനപ്രകാരം ഒന്നാം വിഭാഗത്തിൽ വരുന്ന കണ്ടൽക്കാടും മറ്റ് ജലസസ്യങ്ങളും അടങ്ങുന്ന ജൈവവൈവിധ്യമുള്ള പരിസ്ഥിതിലോല മേഖലയാണ് ചിലന്നൂർ കായൽ. ഇവിടം കൈയേറിയാണ്‌ നിർമാണം നടത്തിയത്‌. കായൽ നികത്തി പൊക്കാളിക്കൃഷി ഇല്ലാതാക്കി. റിയൽ എസ്റ്ററ്റേ്, ഭൂമാഫിയകളുടെ നേതൃത്വത്തിലും കൈയേറ്റം നടക്കുന്നു. പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ല. മഴക്കാലത്ത് വൻതോതിൽ മാലിന്യം കായലിൽ തള്ളി. കൈയേറ്റം കാരണം കായലിലെ ഒഴുക്കും തടസ്സപ്പെട്ടു.

അതിനാൽ നികത്തിയത്‌ എത്രയും വേഗം പഴയതുപോലെയാക്കാൻ നിർദേശിക്കണമെന്നായിരുന്നു ഹർജി. അതേസമയം, കടവന്ത്രയിലെ തന്റെ വീടിന് സമീപത്തായി സ്വകാര്യ ബോട്ട് ജെട്ടിയും ചുറ്റുമതിലും ജയസൂര്യ സ്വന്തം നിലയ്ക്ക് നിർമ്മിച്ചിരുന്നു. ഈ നിർമ്മാണങ്ങള്‍ ചിലവന്നൂർ കായൽ പുറമ്പോക്കു കയ്യേറി നിർമിച്ചതാണെന്നായിരുന്നു പരാതിക്കാരന്‍ ഹർജിയിലൂടെ ഉന്നയിച്ച ആരോപണം. കണയന്നൂർ താലൂക്ക് സർവേയർ പരിശോധനയിലൂടെ ഇത് ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു.