ധാരാളം ആളുകൾ സഹായിച്ചു, സാന്ത്വനത്തിലെ പിള്ളച്ചേട്ടൻ തിരികെ വീട്ടിലെത്തി

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരം കൈലാസ് നാഥ് ഹൃദയത്തിനും കരളിനും ഗുരുതര രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു. സാന്ത്വനം എന്ന പരമ്പരയിൽ പ്രധാന കഥാപാത്രമായി എത്തുന്ന കൈലാസ് നാഥ് അതീവ ഗുരുതരാവസ്ഥയിലെന്ന വാർത്ത സഹപ്രവർത്തകരാണ് പുറത്തുവിട്ടത്. പിള്ളച്ചേട്ടൻ എന്ന കഥാപാത്രത്തെയാണ് സാന്തനത്തിൽ അവതരിപ്പിക്കുന്നത്. 20 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം കൊലാസ് തിരികെ വീട്ടിലെത്തിയെന്ന് പറയുകയാണ് സുഹൃത്ത് സുരേഷ് കുമാർ രവീന്ദ്രൻ.

സുരേഷ്കുമാർ രവീന്ദ്രന്റെ കുറിപ്പ്

കൈലാസേട്ടന് അസുഖം ഭേദമായി, അദ്ദേഹം വീട്ടിലെത്തി. ആ ഒരു ചെറിയ ചലഞ്ചിൽ പങ്കെടുത്ത്, അദ്ദേഹത്തിന് എല്ലാവിധ സ്നേഹവും പിന്തുണയും അറിയിച്ച എന്റെ പ്രിയ സുഹൃത്തുക്കളോട് നന്ദി പറഞ്ഞ് അതിന്റെ വില കളയുന്നില്ല. ഒരുപാട് സന്തോഷം, ഒരുപാടൊരുപാട് സ്നേഹം

കൈലാസേട്ടന്റെ വാക്കുകൾ, ‘ഭഗവത് കൃപയാൽ അനുഗ്രഹീതമായ ദിനം. സുമനസ്സുകളുടെ എല്ലാം പ്രാർത്ഥനകളുടേയും അനുഗ്രഹങ്ങളുടേയും സപ്പോർട്ടിന്റേയും ഫലമായി , ദുരിത പൂരിതമായ 20 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഈശ്വരാനുഗ്രഹത്താൽ സന്തോഷമായി ഇന്ന് വീട്ടിലേക്ക് മടങ്ങുന്നു. തുടർന്നും എല്ലാവരുടേയും പ്രാർത്ഥനകളും അനുഗ്രഹവും ഉണ്ടാകണേ..വാക്കുകൾക്കതീതമായ നന്ദിയും കടപ്പാടും കൃതജ്ഞതയും എല്ലാവരേയും അറിയിക്കുന്നു.

ധാരാളം പേർ പലരീതിയിലുള്ള സഹായങ്ങളുമായി ഒപ്പം നിന്നു. ആശുപത്രിയിൽ നിന്നും ഒരുപാട് ഇളവുകൾ കിട്ടി. അദ്ദേഹത്തെ സ്നേഹിക്കുന്നവരോട് ഒരുപാട് നന്ദിയുണ്ട്. അത് വാക്കുകളിൽ ഒതുക്കാനാകില്ല. ഒരിക്കലും ഇത്ര വല്യ ഒരു പിന്തുണ പ്രതീക്ഷിച്ചില്ല. കടം വേണ്ടി വന്നില്ല. തുടർന്ന് അച്ഛന്റെ ചികിത്സയ്ക്കുള്ള പണവും ലഭിച്ചിട്ടുണ്ട്. ദൈവത്തിന്റെ സഹായമെന്ന് കൈലാസിന്റെ മകൾ പറഞ്ഞു.