തമിഴ് നടന്‍ വടിവേലുവിന് കോവിഡ് സ്ഥിരീകരിച്ചു, ഒമിക്രോണ്‍ എന്ന് സംശയം

തമിഴ് നടന്‍ വടിവേലുവിന് കോവിഡ് സ്ഥിരീകരിച്ചു. ലണ്ടനില്‍ നിന്നും തിരികെ എത്തിയതിന് പിന്നാലെയാണ് ഹാസ്യ താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം വടിവേലുവിനെ ബാധിച്ചരിക്കുന്നത് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദമാണോ എന്ന സംശയം ഉള്ളതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

കുറച്ച് ദിവസങ്ങളായി പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലണ്ടനിലായിരുന്നു വടിവേലു. കഴിഞ്ഞ ദിവസമാണ് താരം ലണ്ടനില്‍ നിന്നും ചെന്നൈയില്‍ തിരികെ എത്തിയത്. നാട്ടിലെത്തിയ വടിവേലുവിന് രോഗലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധന നടത്തി. തുടര്‍ന്നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ ശ്രീരാമചന്ദ്ര ആശുപത്രിയില്‍ നടനെ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലണ്ടനില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയില്‍ സംഗീത സംവിധായകന്‍ സന്തോഷ് നാരായണനും വടിവേലുവിനൊപ്പമുണ്ടായിരുന്നു.

അതേസമയം രാജ്യത്ത് ഒമിക്രോണ് ബാധിതരുടെ കണക്ക് 400 ന് അടുത്തെത്തി. രോഗ വ്യാപനത്തിന് പിന്നാലെ സംസ്ഥാനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മഹാരാഷ്ട്രയില്‍ മാത്രം ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 100 കടന്നു. സംസ്ഥാനത്ത് രാത്രി കാല കര്‍ഫ്യൂ അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഇരട്ടിയാകാന്‍ ഒന്നര മുതല്‍ മൂന്ന് ദിവസമാണ് എടുക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.