സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ അപകടം ; നടൻ വിശാൽ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് താരം

ചെന്നൈ : സിനിമാ ചിത്രീകരണങ്ങൾക്കിടെ അപകടങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ തന്റെ ജീവൻ പോലും നഷ്‌ടപ്പെട്ടേക്കാവുന്ന ഒരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ് തമിഴ് നടൻ വിശാൽ. തന്റെ ഏറ്റവും പുതിയ ചിത്രമായ മാർക്ക് ആന്റണിയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ വലിയ അപകടത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് താരം. ‘കുറച്ച് നിമിഷങ്ങളുടെയും ഇഞ്ചുകളുടെയും വ്യത്യാസത്തിൽ ജീവൻ തിരികെകിട്ടി. സർവശക്തന് നന്ദി’ എന്ന് പറഞ്ഞുകൊണ്ടാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. നിറയെ ആളുകളുടെ കൂട്ടത്തിൽ വിശാൽ തറയിൽ കിടക്കുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. ഇതിനിടെ പുറകുവശത്തുനിന്ന് ഒരു ട്രക്ക് പാഞ്ഞടുക്കുന്നു. തുടർന്ന് ട്രക്കിന്റെ നിയന്ത്രണം പോയി. ഇതോടെ വാഹനം മുന്നോട്ട് വരുന്നത് തുടർന്നു. വിശാലിന്റെ നേർക്ക് അതിവേഗം ട്രക്ക് എത്തുകയുമായിരുന്നു.

ഇതിനിടെ ആളുകൾ ഓടിമാറുന്നതും താരത്തെ ഒരാൾ വലിച്ചുമാറ്റുന്നതും കാണാം. മാത്രമല്ല, നിമിഷനേരങ്ങളുടെ വ്യത്യാസത്തിൽ ട്രക്ക് ഓടിച്ചിരുന്നയാൾ വാഹനം മതിലിലേയ്ക്ക് ഇടിച്ചുകയറ്റി. ഇതോടെ സംഭവിക്കാമായിരുന്ന വലിയ ദുരന്തം ഒഴിവായി.