ഏപ്രിൽ മൂന്ന് ദിലീപിനു നിർണായകം; സുപ്രീംകോടതി വിധി അനുകൂലമായാൽ നടി കേസിൽ കേരളാ പൊലീസ് വെള്ളം കുടിക്കും

കൊച്ചി: കാറിൽ സഞ്ചരിക്കുകയായിരുന്ന നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനു ഏപ്രിൽ മൂന്ന് നിർണായകം. കേസിലെ പ്രധാന തെളിവായ മെമ്മറികാർഡിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഏപ്രിൽ മൂന്നിനു പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് കോടതി പരിഗണിച്ചെങ്കിലും ഏപ്രിൽ മൂന്നിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം കേസിൽ സുപ്രീംകോടതിയുടെ വിധിക്കായി കാത്തിരിക്കുകയാണ് കേരളാ പൊലീസും. കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കെ മെമ്മറികാർഡിന്‍റെ പകർപ്പ് വിഷയത്തിൽ സുപ്രീംകോടതിയുടെ നിരീക്ഷണം നിർണായകമാകും. മെമ്മറികാർഡിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ഇത് പരിശോധിക്കണമെന്നുമാണ് ദിലീപ് വാദിക്കുന്നത്.

ഇക്കാര്യങ്ങൾ സുപ്രീംകോടതി അംഗീകരിച്ചാൽ വിചാരണ തുടങ്ങാനിരിക്കുന്ന കേസിൽ പൊലീസിന് കനത്ത തിരിച്ചടി നേരിടേണ്ടി വരും. നേരത്തെ നടി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ സർക്കാർ സ്ഥലം മാറ്റിയിരുന്നു.
കേസിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണങ്ങൾക്കിടയിലാണ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. ഇതിനു പിന്നാലെ നടി കേസിനെ ചുറ്റിപ്പറ്റി ഒട്ടേറെ അഭ്യൂഹങ്ങളും പുറത്തു വന്നിരുന്നു.

മെമ്മറി കാർഡ് പ്രതിക്ക് നൽകരുതെന്ന നിലപാടിൽ പൊലീസ് ഉറപ്പിച്ചു നിൽക്കുകയാണ്. എന്നാൽ സുപ്രീംകോടതി വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് ദിലീപിന് അനുകൂലമായാൽ പൊലീസിനു തിരിച്ചടി നേരിടേണ്ടി വരും. ‌ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മെമ്മറികാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോയെന്നതാണ് കോടതി പരിശോധിക്കുന്നത്. മെമ്മറികാര്‍ഡ് രേഖയാണെന്നും പ്രതിയെന്ന നിലയ്ക്ക് പകര്‍പ്പ് ലഭിക്കുവാനുള്ള അവകാശമുണ്ടെന്നുമാണ് ദിലീപിന്‍റെ വാദം.

ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നേരത്തെയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ കൈമാറിയാല്‍ ദിലീപ് ദുരുപയോഗം ചെയ്‌തേക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.