പണ്ട് കലാതിലകം കിട്ടാതെ പോയപ്പോള്‍ മാധ്യമങ്ങളുടെ മുന്നില്‍ കരഞ്ഞു പോയതും അതുകൊണ്ടാണ്, നവ്യ നായര്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും അവധി എടുത്ത നടി മലയാള സിനിമയിലേക്ക് മടങ്ങി എത്തുകയാണ്. വികെ പ്രകാശിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടും അഭിനയിക്കുന്നത്. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് തന്റെ വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ചുമൊക്കെ നടി ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരുന്നു.

നവ്യയുടെ വാക്കുകള്‍ ഇങ്ങനെ, ‘വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് പോയെങ്കിലും നൃത്ത പരിപാടികളുമായി ബന്ധപ്പെട്ട് എല്ലാ മാസവും കേരളത്തിലേക്ക് വരുമായിരുന്നു. ഭര്‍ത്താവ് സന്തോഷ് സ്പൈസസ് എക്സ്പോര്‍ട്ടര്‍ ആണ്. വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ വാവ ഉണ്ടായി. സായി എന്നാണ് പേര്. മോന്‍ ചെറുതായിരിക്കുമ്‌ബോള്‍ തന്നെ നൃത്ത പരിപാടികള്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു. അങ്ങനെ പരിപാടികള്‍ക്ക് പോകുമ്‌ബോള്‍ അമ്മ മകനെയും കൊണ്ട് സ്റ്റേജിനെ പിന്നില്‍ ഉണ്ടാകും.

വിവാഹ ശേഷം ‘സീന്‍ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലാണ് അഭിനയിച്ചത് . ദൃശ്യത്തിന്റെ കണ്ണട റീമേക്കും ചെയ്തു. 10 വര്‍ഷം മുന്‍പാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. പിന്നീട് ഇപ്പോഴാണ് എന്റെ ഒരു സിനിമ കേരളത്തിലെത്തുന്നത്. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു തിരിച്ചുവരവ് തന്നെയാണ്. ഞാന്‍ സിനിമ ചെയ്തിരുന്ന കാലത്ത് നിന്നും ഒത്തിരി മാറി. തിയേറ്ററിനൊപ്പം ഒടിടി റിലീസുമായി പൂര്‍ണമായും മാറി. പുതിയ സിനിമ കാലഘട്ടത്തിലേക്കാണ് ഞാന്‍ തിരിച്ചു വരുന്നത്. എനിക്ക് ഇതെല്ലാം പുതിയ അനുഭവമാണ്.

എളുപ്പം കരച്ചില്‍ വരുന്ന ആളാണ് ഞാന്‍. പണ്ട് കലാതിലകം കിട്ടാതെ പോയപ്പോള്‍ മാധ്യമങ്ങളുടെ മുന്നില്‍ കരഞ്ഞു പോയതും അതുകൊണ്ടാണ്. കലയുടെ ലോകത്ത് ഇപ്പോള്‍ നല്ലൊരു ഇടം എനിക്ക് കിട്ടിയിട്ടുണ്ട്. അതുകൊണ്ട് പഴയതോര്‍ത്ത് സങ്കടവും പിണക്കവും ഒന്നുമില്ല. കണ്ണു നനഞ്ഞ് പല ഓര്‍മ്മകളും പിന്നീട് നമ്മെ ചിരിപ്പിക്കും. അതുപോലെ ഒന്നാണ് കലാതിലകം നഷ്ടപ്പെട്ട ഓര്‍മ്മയും. എനിക്ക് പെട്ടെന്ന് സങ്കടം വരും. സിനിമയില്‍ അത് വളരെ ഗുണമാണ്. കഥാപാത്രത്തിന്റെ സങ്കടത്തിലേക്ക് പെട്ടെന്ന് ഇറങ്ങിച്ചെല്ലാനും ഉള്ളു കൊണ്ട് അത് അനുഭവിക്കാനും പറ്റും.

അതേ സമയം സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട നടി ഉര്‍വശി ആണെന്നാണ് നവ്യ പറയുന്നത്. മഞ്ജുച്ചേച്ചി (മഞ്ജു വാര്യര്‍) അന്നും ഇന്നും പ്രചോദനമാകുന്നുണ്ട്. നടിയെന്ന നിലയിലും വ്യക്തിപരമായും മഞ്ജു ചേച്ചിയുടെ അടുത്ത സുഹൃത്ത് ഞാന്‍ ആയിരിക്കില്ല. പക്ഷേ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് മഞ്ജു ചേച്ചി. എന്ത് കാര്യത്തിനും പോസിറ്റീവായി സപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയാണ് മഞ്ജു.