വള്ളസദ്യയ്ക്ക് ഉപയോഗിക്കുന്ന പള്ളിയോടത്തിൽ ഷൂസിട്ട് സീരിയൽ താരം, വിവാദമായപ്പോൾ മാപ്പപേക്ഷ

പള്ളിയോടത്തിൽക്കയറി ഫോട്ടോഷൂട്ട് നടത്തിയ സീരിയൽ,ഇൻസ്റ്റാഗ്രാം താരം ചാലക്കുടി സ്വദേശി നിമിഷക്കെതിരെ വ്യാപക പ്രതിഷേധം. ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേള, തിരുവോണത്തോണിക്ക്‌ അകമ്പടി സേവിക്കൽ എന്നീ ആചാരപരമായ കാര്യങ്ങൾക്ക്‌ മാത്രമാണ്‌ പള്ളിയോടങ്ങൾ നീറ്റിലിറക്കുന്നത്‌.

ചെങ്ങന്നൂർ പുലിയൂർ സ്വദേശി ഉണ്ണി എന്ന യുവാവിനൊപ്പമാണ് നിമിഷയും മറ്റൊരു യുവതിയും എത്തിയത്. ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള ആനയ്‌ക്കൊപ്പം നിന്ന് ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെയാണ് ഇവർ പള്ളിയോടത്തിൽ കയറി ഫോട്ടോ എടുത്തത്. ഈചിത്രം നവ മാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് പ്രതിഷേധം വ്യാപകമായത്.

സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജൻ, സെക്രട്ടറി പാർഥസാരഥി ആർ.പിള്ള എന്നിവർ അറിയിച്ചു. സ്ത്രീകൾ പള്ളിയോടങ്ങളിൽ കയറാൻ പാടില്ലെന്നാണ്. ഇവർ ചെരിപ്പിട്ടാണ് കയറിയതും. വ്രതശുദ്ധിയോടെയാണ് പുരുഷൻമാർ പള്ളിയോടത്തിൽ കയറുന്നത്.നദിതീരത്തോട് ചേർന്ന് പള്ളിയോടപ്പുരകളിലാണ് പളളിയോടങ്ങൾ സൂക്ഷിക്കുന്നത്.ഇവിടെപ്പോലും ആരും പാദരക്ഷ ഉപയോഗിക്കില്ല. മാത്രമല്ല, ഓരോ പള്ളിയോടവും അതാത് പള്ളിയോടക്കരയുടെ ഉടമസ്ഥതയിലുള്ളതാണ്. അവരുടെ അനുമതിയില്ലാതെ പള്ളിയോടത്തിലോ പുരയിലോ ആരും കയറാൻ പാടില്ലെന്നതാണ് രീതി.

സംഭവം വിവാദമായതോടെ തന്റെ അറിവില്ലായ്മ കൊണ്ടാണ് പള്ളിയോടത്തിൽ ഷൂസിട്ട് കയറിയതെന്ന് സീരിയൽ താരം നിമിഷ പറഞ്ഞു. ആചാര അനുഷ്ഠാനങ്ങൾ ലംഘിക്കണമെന്ന് താൻ മനപൂർവ്വം വിചാരിച്ചിട്ടില്ല. സംഭവത്തിൽ കരക്കാർക്കും വിശ്വാസികൾക്കുമുണ്ടായ പ്രയാസത്തിൽ ക്ഷമ ചോദിക്കുന്നതായും നിമിഷ പറഞ്ഞു. തെറ്റ് മനസിലായതിനെ തുടർന്ന് നിമിഷ നവ മാദ്ധ്യമങ്ങളിൽ നിന്നും പള്ളിയോടത്തിൽ നിൽക്കുന്ന ഫോട്ടോ ഇവർ ഒഴിവാക്കി.