സ്ത്രീ പുരുഷന്റെ കീഴിൽ നിൽക്കണം എന്ന ചിന്തയിൽ നിന്ന് ഞാൻ പിന്മാറിയിട്ട് വർഷങ്ങളായി – സരയു

മിനി സ്‌ക്രീനിന്റെ പ്രിയ നായികയും, ചക്കരമുത്തിലൂടെ മലയാള സിനിമയിൽ തന്റെ ഇടം സ്ഥാപിച്ചെടുക്കുകയും ചെയ്ത താരമാണ് സരയു മോഹൻ. സരയൂ വർഷങ്ങൾക്കുമുന്നെ പങ്കെടുത്ത ഒരു ടെലിവിഷൻ പരിപാടിയുടെ ചെറിയ ഭാ​ഗം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അതിനെതിരെ വൻ സൈബർ ആക്രമണമാണ് നടക്കുന്നത്. സരയുവിന്റെ കാഴ്ചപ്പാടുകളെ പിന്തുണച്ച് അന്ന് ആനിയും സംസാരിച്ചിരുന്നു. പുരുഷൻ സത്രീയെക്കാൾ ഒരുപിടി മുന്നിലാെന്നാണ് സരയൂ അന്ന് പറഞ്ഞത്. എന്നാൽ ഇന്ന് ഞാൻ ആ ചിന്തയിൽ നിന്ന് മാറിയെന്നാണ് ഇപ്പോൾ താരം തുറന്നുപറയുന്നത്. പുരുഷന്റെ കീഴിൽ നിൽക്കണം എന്ന് പഠിപ്പിച്ചിരുന്ന ഒരിടത്തു നിന്ന് താൻ ഒരു യൂ ടേൺ എടുത്ത് പോരുകയായിരുന്നുവെന്നും സരയു പോസ്റ്റിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം.. നമസ്കാരം, 2 ദിവസം മുന്നേ കൃത്യമായി നിലപാട് അറിയിച്ച് എഴുതിയിട്ടും വർഷങ്ങൾക്ക് മുന്നേ ഉള്ള ഒരു വീഡിയോ ഇപ്പോഴും ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴി ഒരുക്കുന്നു എന്നറിയുന്നു… ഞാൻ ചിന്തകൾ കൊണ്ടും കാഴ്ചപ്പാടുകൾ കൊണ്ടും ഈ വർഷങ്ങൾ കൊണ്ട് കുറച്ച് മുന്നിലേക്ക് പോന്നിരിക്കുന്നു…അനുഭവങ്ങളും യാത്രകളും സൗഹൃദങ്ങളും ജീവിതവും പഠിപ്പിച്ച പാഠങ്ങൾ കൊണ്ട്, തിരുത്തിയും, ഇടറിയും, പിടഞ്ഞെണീറ്റും, ഓടിപാഞ്ഞും സ്വന്തം ജീവിതം രൂപപ്പെടുത്തി എടുക്കുകയാണ് ഞാൻ ചെയ്യുന്നത്…വീടിനുള്ളിലെ സുരക്ഷിത്വത്തിൽ നിന്ന് കിട്ടിയ ഇടുങ്ങിയ ചിന്ത അല്ലായിരുന്നു വിഡിയോയിലേത്… ചെന്ന് പെട്ട ശ്വാസം മുട്ടിക്കുന്ന മറ്റിടങ്ങൾ ഉണ്ടായിരുന്നു….

സ്ത്രീ പുരുഷന്റെ കീഴിൽ നിൽക്കണം എന്ന് തേൻപുരട്ടിയ വാക്കുക്കളാൽ ആവർത്തിച്ചു പഠിപ്പിച്ചിരുന്ന അത്തരം ഒരിടത്തു നിന്ന് യൂ ടേൺ എടുത്ത് പോരുകയായിരുന്നു… അതാണ് എന്നിലെ സ്ത്രീയോട് ഞാൻ ചെയ്ത ഏറ്റവും സുന്ദരമായ കാര്യം… പറഞ്ഞുവന്നത് ഇത്രേ ഉള്ളു…ഞാൻ തന്നെ മറന്നു പോയൊരു കാലത്തെ വാക്കുകളോടാണ് നിങ്ങൾ കലഹിച്ചോണ്ടിരിക്കുന്നത്…. എനിക്ക് ഇനിയും ഇതിന് മുകളിൽ സമയം ചിലവഴിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…. എന്നിലെ മാറ്റങ്ങളുടെ നേർത്ത സാദ്ധ്യതകൾ എങ്കിലും തിരിച്ചറിഞ്ഞു നേരിട്ട് ചോദിക്കുകയും എളുപ്പത്തിൽ ചെയ്യാവുന്ന വീഡിയോ ഷെയർ ഒഴിവാക്കി 2 വരികൾ കൃത്യമായി, ഊർജം പകരുന്ന തരത്തിൽ എഴുതുകയും, പലരോടും തിരുത്തി സംസാരിക്കുകയും ചെയ്ത സുഹൃത്തുക്കൾക്ക് സ്നേഹം… തിരിച്ചറിയുന്നു നല്ല സൗഹൃദങ്ങളെ♥️