വിഴിഞ്ഞം സമരം അദാനിക്ക് നഷ്ടം 220 കോടി; നഷ്ടം സമരക്കാരില്‍ നിന്നും ഈടാക്കില്ല

തിരുവനന്തപുരം. വിഴിഞ്ഞം തുറമുഖ വുരുദ്ധ സമരം മൂലം അദാനി പോര്‍ട്‌സിനുണ്ടായ നഷ്ടം സര്‍ക്കാര്‍ സമരക്കാരില്‍ നിന്ന് ഈടാക്കില്ല. സമരം അവസാനിച്ച സ്ഥിതിക്ക് ഇനി പ്രകോപിപ്പിക്കേണ്ടതില്ലെന്നാണു തീരുമാനം. സമരം 140 ദിവസം നീണ്ടെങ്കിലും തുറമുഖം ഉപരോധിച്ചുകൊണ്ടുള്ള പ്രതിഷേധം 110 ദിവസമാണുണ്ടായിരുന്നത്.

ഇതനുസരിച്ചാണ് അദാനി പോര്‍ട്‌സ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. ദിവസം 2 കോടി രൂപ വീതം 110 ദിവസം കൊണ്ട് 220 കോടിയുടെ നഷ്ടം സംഭവിച്ചെന്നാണു കമ്പനിയുടെ വാദം. ഓരോ ഇനത്തിലും കൃത്യമായി എത്ര രൂപയുടെ നഷ്ടമുണ്ടായെന്ന റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സമരം തീര്‍ന്നെങ്കിലും നഷ്ടം ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കമ്പനിയോടു വിട്ടുവീഴ്ച ചെയ്യേണ്ടിവരും.

2015 ഓഗസ്റ്റില്‍ തുടങ്ങിയ നിര്‍മാണത്തിന്റെ ആദ്യഘട്ടം 2019 ഡിസംബര്‍ മൂന്നിനു പൂര്‍ത്തിയാകേണ്ടതായിരുന്നു. നിര്‍മാണ കാലാവധി കഴിഞ്ഞാല്‍ ആദ്യം 3 മാസവും പിന്നീട് പിഴയോടു കൂടി 6 മാസവും നീട്ടിക്കൊടുക്കാമെന്നാണ് കരാറിലെ വ്യവസ്ഥ. ദിവസം 12 ലക്ഷം രൂപ വച്ചാണ് 6 മാസത്തേക്കു കമ്പനി പിഴയായി നല്‍കേണ്ടിയിരുന്നത്.

ഈയിനത്തില്‍ ഇന്നലെ വരെ ഏതാണ്ട് 28 കോടിയോളം രൂപ സര്‍ക്കാരിന് അദാനി പോര്‍ട്‌സ് നല്‍കേണ്ടിവരും പുറമേ പലിശയും. സര്‍ക്കാരിന്റെ ഈ ആവശ്യത്തിനെതിരെ കമ്പനി ആര്‍ബിട്രേഷന്‍ ഫയല്‍ ചെയ്തിരിക്കുകയാണ്. സമരത്തിന്റെ പേരിലുള്ള നഷ്ടപരിഹാരമായി 200 കോടിയിലധികം രൂപ കമ്പനി ചോദിക്കുമ്പോള്‍ 30 കോടിക്കുവേണ്ടി സര്‍ക്കാരിനു ബലം പിടിക്കാന്‍ കഴിയില്ല.